ഏന്തയാർ: പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന, ആയിരക്കണക്കിന് ആളുകളുടെ ആശ്രയമായ പാലം തകർന്നതോടെ മുക്കുളം, വടക്കേമല, വെംബ്ലി അടക്കമുള്ള കൊക്കയാർ പഞ്ചായത്തിലെ മലയോര മേഖല കടുത്ത ദുരിതത്തിലായിരുന്നു.
ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും ഇടപെടലിനെത്തുടർന്ന് തകർന്ന പാലം പുനർനിർമിക്കാൻ ഫണ്ട് അനുവദിച്ചു. നിർമാണം അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. പാലത്തിന്റെ ടോപ്പ് കോൺക്രീറ്റിംഗ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 4.7 കോടി രൂപ മുടക്കിയാണ് പുതിയ പാലം നിർമിക്കുന്നത്.
പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ വിദ്യാർഥികൾ അടക്കമുള്ള മലയോര നിവാസികളുടെ യാത്രദുരിതത്തിന് ശാശ്വത പരിഹാരമാകും. നിലവിൽ പുല്ലകയാറിന് കുറുകെ നിർമിച്ചിരിക്കുന്ന താത്കാലിക നടപ്പാലം മാത്രമാണ് പ്രദേശവാസികളുടെ ആശ്രയം. അടുത്ത മഴക്കാലത്തിന് മുമ്പ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്.