സ്വന്തം ലേഖകൻ
തൃശൂർ: സ്റ്റൈൽമന്നൻ രജനീകാന്തിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തി യന്തിരൻ രണ്ടാംഭാഗത്തിന്റെ അഡ്വാൻസ് ബുക്കിംഗും സൂപ്പർഹിറ്റ്!!
29ന് ചിത്രം റിലീസ് ചെയ്യുന്ന തീയറ്ററുകളിലെല്ലാം ആദ്യദിനത്തിലെ ഷോകൾ ഹൗസ്ഫുൾ ആയിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. സൂപ്പർഹിറ്റായ യന്തിരൻ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായ 2.0 തൃശൂരിലെ പല തീയറ്ററുകളിലും ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ത്രീ ബീം ത്രീഡിയിലാണ് റിലീസ് ചെയ്യുന്നത്. ഏറ്റവും വ്യക്തതയാർന്ന ത്രീഡി അനുഭവമായിരിക്കുമത്രെ ഇത്. ശബ്ദസംവിധാനത്തിന്റെ കാര്യത്തിലും 2.0 തീയറ്ററുകളിൽ കിടിലൻ അനുഭവം തരുമെന്നാ്ണ് അണിയറ പ്രവർത്തകർ പറയുന്നത്.
4ഡി എസ്ആർഎൽ ശബ്ദസാങ്കേതികവിദ്യയാണ് 2.0വിൽ അനുഭവിക്കാനാവുക. ത്രീഡി സൗകര്യമുള്ള തീയറ്ററുകളിൽ മാത്രമേ ഈ ശബ്ദസംവിധാനം സപ്പോർട്ട് ചെയ്യുകയുള്ളു. ചിത്രത്തിന്റെ ട്രെയിലറുകളും ഗാനവുമെല്ലാം ഇതിനകം തന്നെ സോഷ്യൽമീഡിയയിൽ ലക്ഷക്കണക്കിനാളുകൾ കണ്ടു കഴിഞ്ഞു.
ചിത്രത്തിന്റെ ആദ്യഷോകൾ എല്ലാം രജനീകാന്ത് ഫാൻസ് അസോസിയേഷനുകൾക്ക് വേണ്ടിയുള്ളതാണ്.
ബിഗ് സ്ക്രീനിൽ നിരവധി വിസ്മയങ്ങൾ തീർത്തിട്ടുള്ള ശങ്കർ എന്ന സംവിധായകന്റെ ബ്രഹ്മാണ്ഡചിത്രമായ 2.0വിൽ മൊബൈൽ ഫോണ് തരംഗങ്ങൾ സൃഷ്ടിക്കുന്ന ദൂഷ്യവശങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെന്നാണ് ടീസറുകൾ നൽകുന്ന സൂചന. അമാനുഷികശക്തിയുള്ള അക്ഷയ്കുമാറിന്റെ വില്ലൻ കഥാപാത്രത്തെ നേരിടാൻ അമാനുഷിക സിദ്ധികളുള്ള ചിട്ടി എന്ന റോബോട്ടിനെ രംഗത്തിറക്കുന്നതോടെയാണ് 2.0 പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന തരത്തിലേക്ക് മാറുന്നത്.
പലതവണ റിലീസ് മാറ്റിവെച്ച 2.0 ഒടുവിൽ ദീപാവലിക്കെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഉണ്ടായില്ല. ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ എന്ന രജനി ഡയലോഗേറ്റു പിടിച്ച് രസികർ മണ്ട്രം ആഘോഷത്തോടെ കൗണ്ട് ഡൗണ് തുടങ്ങിക്കഴിഞ്ഞു…ഇനി മണിക്കൂറുകൾ മാത്രം…