കൊച്ചി: സംസ്ഥാനത്ത് എന്‍ട്രന്‍സ് കോച്ചിംഗ് ഫീസുമായി ബന്ധപ്പെട്ട് പൊതുനയം രൂപീകരിക്കാന്‍ സര്‍ക്കാര്‍. പല സ്ഥാപനങ്ങളും അമിതഫീസും പല നിരക്കും വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്ന സാഹചര്യത്തിലാണു മേഖലയില്‍ പൊതുനയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്.
അമിതഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളടക്കം ഭൂരിഭാഗം കോച്ചിംഗ് സ്ഥാപനങ്ങളും സര്‍ക്കാര്‍ അംഗീകാരമില്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനായി പൊതുമാനദണ്ഡങ്ങളോ ഏകീകരിച്ച മാര്‍ഗനിര്‍ദേശങ്ങളോ നിലവിലില്ല.
സംസ്ഥാനത്തെ പല കുട്ടികളും ഓപ്പണ്‍ സ്കൂളില്‍ രജിസ്ട്രേഷന് നേടി ഇത്തരം സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്നതായും മന്ത്രി പറഞ്ഞു. അണ് എയ്ഡഡ് സ്കൂളുകള്‍ ഭീമമായ ഫീസ് കുട്ടികളില്‍നിന്ന് ഈടാക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഭീമമായ ഫീസ് ഈടാക്കിയാണ് പല സ്കൂളുകളും പ്രവര്‍ത്തിച്ചുവരുന്നത്. ഇതില്‍ പലതും അംഗീകാരം ഇല്ലാത്തവയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ഏകീകൃതമായി ഒരു ഫീസ് ഘടന രൂപപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
ഫീസ് നിര്‍ണയം, പിരിവ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂക്ഷ്മതലത്തില്‍ പരിശോധിക്കുന്നതിനായി സ്കൂള്‍, ജില്ല, സംസ്ഥാന തലങ്ങളിൽ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. അണ് എയ്ഡഡ് സ്ഥാപനങ്ങളില്‍നിന്ന് ടിസി ലഭിക്കാത്ത വിദ്യാര്‍ഥികളെ ടിസി ഇല്ലാതെതന്നെ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ക്കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.