തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് പ്രവേശന പരീക്ഷ 23, 24 തീയതികളിലായി നടക്കും. 1.48 ലക്ഷം വിദ്യാർഥികളാണ് ഇക്കുറി പ്രവേശന പരീക്ഷയ്ക്കായി തയാറെടുക്കുന്നത്. ആകെ 353 സെന്ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതിൽ 350 എണ്ണം കേരളത്തിലും ദുബായ്, മുംബെ, ന്യൂഡൽഹി എന്നിവിടങ്ങളിൽ ഓരോ സെന്ററുകളുമാണുള്ളത്.
23ന് രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്ന് ഫിസിക്സും കെമിസ്ട്രിയുമാണ്. 24 ന് രാവിലെ 10 മുതൽ 12.30 വരെ മാത്തമാറ്റിക്സ് പരീക്ഷ നടക്കും. അഡ്മിറ്റ് കാർഡുകൾ ഈ മാസം പത്തു മുതൽ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാൻ സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് ഒരുക്കിയിരുന്നു.
ഈ അഡ്മിറ്റ് കാർഡുകൾ പരീക്ഷാ ഭവനിൽ വിദ്യാർഥികൾ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണ്. അഡ്മിറ്റ് കാർഡുകൾ കൈവശമില്ലാത്ത വിദ്യാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നതല്ല.
വിദ്യാർഥികളെ തിരിച്ചറിയുന്നതിന് അഡ്മിറ്റ് കാർഡിന്റെ കളർ പ്രിൻറൗട്ട് കൂടുതൽ ഗുണകരമായിരിക്കുമെന്നു പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് അറിയിച്ചു. മെഡിക്കൽ പ്രവേശനത്തിനായി സിബിഎസ്ഇ നടത്തുന്ന നീറ്റ് പരീക്ഷയുടെ റാങ്ക് പട്ടികയാണ് ആധാരം.