അങ്കമാലി: മെഡിക്കൽ എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താമെന്നു പറഞ്ഞ് കോച്ചിംഗിന്റെ പേരിൽ പണം തട്ടിയെന്ന കേസിൽ യുവാവിനെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. വൈറ്റില പൊന്നുരുന്നി മേത്തർ ഫ്ലാറ്റിൽ താമസക്കാരാനായ വടക്കനോടിപറമ്പിൽ ചക്രപാണി മകൻ രതീഷ് (45) ആണ് അറസ്റ്റിലായത്.
പ്ലസ് ടു കുട്ടികൾക്കായി ആർആർ കരിയർ എന്ന സ്ഥാപനത്തിന്റെ പേരിൽ കിടങ്ങൂർ സെന്റ് ജോസഫ്സ് സ്കൂളിൽ വച്ച് ടാലന്റ് സെർച്ച് എക്സാം നടത്തി അതിൽ പാസായ കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ച് അങ്കമാലിയിലെ പ്രമുഖ ഹോട്ടലിൽ കൗൺസിലിംഗ് നടത്തിയാണ് ഇയാൾ കുട്ടികളെ ചേർത്തത്. മെഡിക്കൽ എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താമെന്നു പറഞ്ഞു തുരുത്തിശേരിയിലുള്ള സഹോദരന്മാരായ രണ്ടു വിദ്യാർഥികളിൽനിന്ന് 1,52,000 രൂപ വാങ്ങിയ ശേഷം നാല് ക്ലാസ് മാത്രമാണത്രെ നൽകിയത്.
ഇവരിൽ ഒരാൾ മെഡിക്കലിനും മറ്റെയാൾ എൻജിനിയറിംഗിനുമാണ് കോച്ചിംഗ് ആവശ്യപ്പെട്ടിരുന്നത്. രണ്ടുപേരെയും ഒരേ ക്ലാസിലിരുത്തിയാണു നാല് ദിവസം ക്ലാസ് നൽകിയതെന്നും പറയുന്നു. ഈ കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. ക്ലാസുകൾ കൃത്യമായി നടത്താതെ വന്നതോടെ പണം തിരികെ ചോദിച്ചവരോട് ഇയാൾ ഓരോ കാരണം പറഞ്ഞ് മടക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതറിഞ്ഞ് മേക്കാട് സ്വദേശിയായ മറ്റൊരു വിദ്യാർഥി 59,000 രൂപ പ്രതി തട്ടിയെടുത്തതായി പരാതി നൽകി.
ഇപ്രകാരം നിരവധി പേരിൽനിന്നു പണം തട്ടിയതായി പോലീസ് പറഞ്ഞു. ഇയാൾ ഇത്തരത്തിൽ വേറെയും തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. അങ്കമാലി സിഐ മുഹമ്മദ് റിയാസ്, എസ്ഐമാരായ എൻ.എ. അനൂപ്, സിഐ വിൻസൺ, എഎസ്ഐ അഷ്റഫ്, സിപിഒ റോണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.