കല്ലടിക്കോട്: ജൂണ്മാസത്തിൽ പരിസ്ഥിതി ദിനാചരണവും വാരാചരണവും നടക്കുന്പോൾ പരിസ്ഥിതി സംരക്ഷണത്തിനായി അർത്ഥപൂർണമായ ആശയങ്ങളുമായി അരുണ്‍ തഥാഗത്ത് സ്വന്തംചെലവിൽ കോഴിക്കോട്ടുനിന്നും കൊച്ചിയിലേക്ക് സൈക്കിളിൽ പരിസ്ഥിതി പര്യടനം നടത്തുന്നു.
ലോകശ്രദ്ധ പിടിച്ചുപറ്റിയ പരിസ്ഥിതി ആഭിമുഖ്യ ഗൃഹങ്ങളുടെയും പ്രകൃതിജീവനത്തിന്റെയും പ്രചാരകനാണ് എറണാകുളം അന്പലമേട് സ്വദേശിയായ ഈ യുവാവ്. ടീ ഷർട്ടിൽ പ്രിന്റ് ചെയ്ത മുദ്രാവാക്യത്തിൽ നിന്നുതന്നെ ആർക്കും വായിച്ചെടുക്കാനാകും. ശാന്തിവനം സംരക്ഷിക്കുകയെന്ന പ്രമേയത്തെയാണ് യാത്ര കേന്ദ്രീകരിക്കുന്നതെങ്കിലും മുഴുവൻ വനങ്ങളും സംരക്ഷിക്കുക, പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്ന ആശയത്തെയാണ് പ്രചരിപ്പിക്കുന്നത്.
വർഷങ്ങളായി പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമാണ് ഇദ്ദേഹംമുളകൊണ്ട് നിർമിച്ച വീട്ടിൽ പ്രകൃതിയോട് ഇണങ്ങിയാണ് താമസം. വീട്ടിൽ ഏതു കൊടുംവേനലിലും ഫാനോ എസിയോ ആവശ്യമില്ല. സർലീ ഡിസ്ക് ട്രക്കർ എന്ന അമേരിക്കൻ നിർമിത സൈക്കിളിലാണ് സഞ്ചാരം. ഇതിൽ തന്നെ അടുത്തായി തായ്ലൻഡ് പര്യടനവും നടത്തും. പിന്നിടുന്ന വഴികളിൽ അരുണിനെ സ്വീകരിക്കാൻ സംഘടനകളെ കണ്ടില്ല.
വഴിയിൽ കണ്ടുമുട്ടുന്ന സാധാരണക്കാരുമായി സംവദിച്ചും കൈയിൽ കരുതിയ വിത്തുകൾ വിതരണം ചെയ്തും ലളിതസുന്ദരമാണ് യാത്ര. വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടുനിന്നും ആരംഭിച്ച യാത്ര തിങ്കളാഴ്ച വൈകീട്ടോടെ മണ്ണാർക്കാട്, കല്ലടിക്കോട് പാലക്കാട് വഴി തൃശൂരിൽ എത്തിച്ചേരും.
ബുധൻ വൈകീട്ടോടെ കൊച്ചിയിൽ എത്താനാണ് പദ്ധതി.ആഗോള താപനത്തിന്റെ പ്രാദേശിക പ്രതിഫലനങ്ങൾ രൂക്ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാട്ടുപച്ചത്തുരുത്തുകൾ സംരക്ഷിക്കേണ്ടത് എന്തിനെന്നും ഇനിയങ്ങോട്ട് നാം സ്വീകരിക്കേണ്ട പാർപ്പിട പുരയിട പരിസ്ഥിതി മാതൃക എന്തായിരിക്കണമെന്നതിനും അരുണ്‍ തഥാഗത്തിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്.
ഇപ്പോൾ നടക്കുന്ന ഉപരിവിപ്ലവമായ പരിസ്ഥിതി പുനഃസ്ഥാപന ആശയങ്ങളോട് പ്രകൃതിസ്നേഹിയായ ഈ ചെറുപ്പക്കാരൻ വിയോജിക്കുന്നു.ഓരോ ജൂണ്‍ അഞ്ചിനും വൃക്ഷതൈനടീൽ ഒരു പ്രഹസനമാകുകയാണ്. തൈകളുടെ സംരക്ഷണം നടത്താതെ, തണൽതേടി പഴയ മരച്ചുവട്ടിൽ തന്നെയാണ് നാം ഇപ്പോഴും നില്‍ക്കുന്നത്.
മരം നടണമെന്നില്ല, മരംവെട്ടി മാറ്റാതിരുന്നാൽ മതി. സംസ്കാരത്തിന്റെ പൈതൃക സന്പത്തായ ആദിവാസികൾ മരം നടാറില്ല, വെട്ടി മാറ്റാറുമില്ലെന്ന് അരുണ്‍ പറയുന്നു. പ്രശാന്തസുന്ദരമായ പ്രകൃതി സംരക്ഷിച്ചു പരിപാലിക്കണം. പരിസ്ഥിതി സംരക്ഷണം ജീവന്റെ ഭാഗവും ഉത്തമജീവിതം നയിക്കുന്നതിന് അനിവാര്യവുമാണ്.