നെന്മാറ: കർഷകന് സ്വന്തം പറന്പിലെ മരം വെട്ടി വിൽക്കാൽ അനുവാദമില്ലാത്തതിലും അനുമതിക്ക് ഏറെ കടന്പകൾ ഉള്ളതിലും പ്രതിഷേധിച്ച് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ ) അംഗങ്ങൾ വീട്ടുവളപ്പിലെ മരങ്ങളും വൃക്ഷത്തൈകളും പിഴുതുമാറ്റി പ്രതിഷേധിച്ചു.
ഒലിപ്പാറ, അടിപ്പെരണ്ട, നെന്മാറ, അയിലൂർ തുടങ്ങിയ പ്രദേശങ്ങളിലെ മലയോര കർഷകരാണ് പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയത്. അവരവരുടെ വീട്ടുവളപ്പിലെ ഓരോ വൃക്ഷങ്ങൾ പിഴുതുമാറ്റിയും വെട്ടിമാറ്റിയും പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രതിഷേധമറിയിച്ചു.
54 ശതമാനം വൃക്ഷ മേലാപ്പ് സംസ്ഥാനത്ത് നിർത്തുന്നത് കർഷകരുടെ പ്രയത്നം കൊണ്ടാണെന്നും ഇത് പരിഗണിക്കാതെ കർഷകർ വളർത്തുന്ന ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ള മരങ്ങളെ അവഗണിക്കുന്നതിനും വൃക്ഷങ്ങൾ വളർത്തുന്ന കർഷകരെ സംരക്ഷിക്കുന്നതിൽ സർക്കാർ പിന്നോട്ട് പോകുന്നതിനും പ്രതിഷേധിച്ചാണ് കർഷകർ സ്വന്തം വളപ്പിലെ വൃക്ഷത്തൈകൾ പ്രതിഷേധസൂചകമായി പിഴുതു മാറ്റിയത്.