തിരുവനന്തപുരം: നമുക്കൊരുമിച്ച് ഭൂമിയെ പുനഃസംഘടിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവനം വലിയ ചോദ്യമായി മനുഷ്യരാശിക്ക് മുൻപിൽ ഉയർന്നിരിക്കുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം കടന്നുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരി തീർത്ത ഗുരുതര പ്രതിസന്ധികൾക്കൊപ്പം കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി പ്രശ്നങ്ങളും വെല്ലുവിളികൾ സൃഷ്ടിക്കുന്നു.
ആവാസവ്യവസ്ഥയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന താളം പുനഃസ്ഥാപിക്കാൻ ആവശ്യമായ നയങ്ങളും പദ്ധതികളും കണ്ടെത്താനും നടപ്പിലാക്കാനുമാണ് ഈ പരിസ്ഥിതി ദിനം ആഹ്വാനം ചെയ്യുന്നത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു തന്നെ ഈ കാഴ്ചപ്പാട് നയങ്ങളിൽ ഉൾപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഹരിത കേരളത്തിന്റെ ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, പ്രകൃതിയ്ക്കനുഗുണമായ കാർഷിക രീതികൾ പ്രോൽസാഹിപ്പിക്കുക, മാലിന്യനിർമാർജനം ശാസ്ത്രീയവും കാര്യക്ഷമവുമായി നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ സർക്കാരിനു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിയുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി നടപ്പാക്കിയ പച്ചത്തുരുത്ത് പദ്ധതി പ്രധാന നാഴികക്കല്ലാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലും തരിശുസ്ഥലം കണ്ടെത്തി അവിടെ തദ്ദേശീയമായ ജൈവവൈവിധ്യത്തെ വളർത്തി പച്ചത്തുരുത്തായി സംരക്ഷിച്ചു നിർത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
ആയിരം പച്ചത്തുരുത്തുകൾ ലക്ഷ്യമിട്ടു തുടങ്ങിയ സംരംഭം ലക്ഷ്യം കടന്ന് ഇതുവരെ 1261 പച്ചത്തുരുത്തുകൾ പൂർത്തിയാക്കിയിരിക്കുന്നു. 590 പഞ്ചായത്തുകളിലായി 454 ഏക്കർ വിസ്തൃതിയിലാണ് 1261 പച്ചത്തുരുത്തുകൾ ഉള്ളത്.
ജലസ്രോതസുകളെ വീണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതും അതിപ്രധാനമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുനരുജ്ജീവിപ്പിക്കപ്പെട്ട പുഴകളുടെ നീളം 390 കിലോമീറ്റർ ആണ്.
36323 കിലോമീറ്റർ തോടുകളും നീർച്ചാലുകളും വീണ്ടെടുത്തു. അതിനു പുറമേ. 89939 കിണറുകളും 29119 കുളങ്ങളും ഇതിന്റെ ഭാഗമായി നിർമിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്തു കഴിഞ്ഞു.
ശാസ്ത്രീയ മാലിന്യ നിർമാർജന മാർഗങ്ങൾ അവലംബിക്കുന്ന, പരിസ്ഥിതിനിയമങ്ങളും ഹരിതചട്ടങ്ങളും പാലിക്കുന്ന, പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെയും പൊതുഗതാഗത സംവിധാനങ്ങളെയും ആശ്രയിക്കുന്ന, അമിത വിഭവചൂഷണത്തെ അകറ്റി നിർത്തുന്ന, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഉപയോഗം ശീലമാക്കുന്ന സമൂഹമായി നാം സ്വയം അടയാളപ്പെടുത്തണം.
നമ്മുടെ ജൈവ സമ്പത്ത് സംരക്ഷിക്കപ്പെടണം. അതിനുള്ള ഇടപെടൽ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ നിന്ന് തുടങ്ങും എന്നതാകട്ടെ ഈ പരിസ്ഥിതി ദിനത്തിലെ പ്രതിജ്ഞയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.