പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. ഇന്ന് ലോക പരിസ്ഥിതി ദിനം. പച്ചപ്പും ഹരിതാഭയും നിറഞ്ഞൊരു ഭൂമിയെന്നത് ഇനി സ്വപ്നങ്ങളിൽ മാത്രമായി അവശേഷിക്കുന്നു.
കാട് വെട്ടിക്കളിച്ച് പടുകൂറ്റൻ കെട്ടിട സമുശ്ചയങ്ങൾ തീർക്കുന്ന മാനവരാശി ഇന്ന് ഒരു തുള്ളി ജലത്തിനായി നെട്ടോട്ടമോടുകയാണ്. കാലം തെറ്റി വരുന്ന ഋതു ഭേദങ്ങൾ തന്നെയാണ് ഇതിനുത്തമ ഉദാഹരണം.
ഭൂമിയെ സംരക്ഷിക്കുന്നതിന് മരങ്ങൾ വച്ചുപിടിപ്പിക്കുക, മാലിന്യം നിറഞ്ഞ് വറ്റിപ്പോയ ജലസ്രോതസുകൾ പുനരുജ്ജീവിപ്പിക്കുക, ഭൂമിയിലെ പച്ചപ്പും ജൈവവൈവിധ്യവും സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇത്തവണ പരിസ്ഥിതി ദിനാചരണം.
1972-ലാണ് ലോക പരിസ്ഥിതി ദിനം എന്നൊരു ആശയം ഉടലെടുത്തെത്. ജൂൺ 5-ന് സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന മനുഷ്യ പരിസ്ഥിതിയെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സമ്മേളനം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള നിർണായക ചർച്ചകൾക്ക് തുടക്കമിട്ടു.
ഈ സുപ്രധാന നിമിഷത്തെ ആദരിക്കുന്നതിനായി, ഒരു വർഷത്തിനുശേഷം 1973-ൽ ആദ്യത്തെ ഔദ്യോഗിക ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു, അന്നുമുതൽ അതേ തീയതിയിൽ ഈ പാരമ്പര്യം തുടരുന്നു.