ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജന്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തി. ചട്ടം 64 പ്രകാരമാണ് ജയരാജന്‍ സഭയില്‍ പ്രത്യേക പ്രസ്താവനയും വിശദീകരണവും നല്‍കിയത്. വ്യവസായ മേഖല തകര്‍ച്ച നേരിട്ട സമയത്താണ് താന്‍ ചുമതലയേറ്റത്. ആ സമയത്ത് വകുപ്പില്‍ അഴിമതിയും ധൂര്‍ത്തുമാണ് നിലനിന്നിരുന്നത്. വ്യവസായ മേഖലയെ പുനരുജീവിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവെന്നും ഇ. പി.ജയരാജന്‍ പ്രസ്താവിച്ചു. മലബാര്‍ സിമന്റ്‌സിന്റെ ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ നടപടികള്‍ സ്വീകരിച്ചു.
തന്നെ സ്വാധീനിക്കാന്‍ പലരും ശ്രമിച്ചു. എന്നാല്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ പലരും ശത്രുക്കളായി. പൊതു മേഖലാ സ്ഥാപനത്തിലെ നിയമനം ചട്ട പ്രകാരവും വിജിലന്‍സ് പരിശോധനയും നടത്തിയാണ് നിയമന നടപടികള്‍ സ്വീകരിച്ചത്. ചട്ട വിരുദ്ധമായി ഒരു നിയമനവും നടത്തിയിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് റിയാബിനെ നോക്കുകുത്തിയാക്കിയായിരുന്നു പല നിയമനങ്ങളും നടന്നിരുന്നത്. വ്യവസായ വകുപ്പിന്റെ അഭിവൃദ്ധിക്കായി താനെടുത്ത നടപടികള്‍ ചിലരെ അസ്വസ്ഥരാക്കി. തന്നെ ആര്‍ക്കും സ്വാധീനിക്കാന്‍ സാധിച്ചിട്ടില്ലെന്നും ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു. 12 ദിവസമായി മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം സഭയില്‍ പ്രസ്താവന നടത്തി.
ചില മാഫിയകള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചു. അകത്ത് നിന്നും പുറത്തു നിന്നും തനിക്കെതിരെ നീക്കങ്ങള്‍ നടന്നു. കെടുകാര്യസ്ഥതയില്‍ നിന്നും അഴിമതിയില്‍ നിന്നും വകുപ്പിനെ മുക്തമാക്കാന്‍ താനെടുത്ത നടപടികള്‍ ചില മാഫിയകളെ ചൊടിപ്പിക്കുകയും അവര്‍ക്ക് തന്നോട് ശത്രുതക്ക് ഇടയാക്കിയെന്നും ജയരാജന്‍ പറഞ്ഞു. തന്റെ രക്തത്തിനായി പ്രതിപ ക്ഷം ദാഹിച്ചുവെന്നും രക്തം തരാ ന്‍ താന്‍ തയ്യാറാണെന്നും രാജ്യത്തിനുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജന്‍ രണ്ടാം നിരയിലാണ് സഭയില്‍ ഇരുന്നത്. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനു സമീപമായിരുന്നു ജയരാജന്റെ സ്ഥാനം.