സീമ മോഹൻലാൽ
കൊച്ചി: ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടയിലും ഇ.പി ബിജുമോൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാരുണ്യത്തിൽ ബേബിയുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. മൂവാറ്റുപുഴ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ വട്ടംകണ്ടത്തിൽ ബേബിയുടെയും കുടുംബത്തിന്റെയും ദുരവസ്ഥയാണ് ഇദ്ദേഹം പുറംലോകത്തെ അറിയിച്ചത്.
പിറവം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ബിജുമോൻ. കഴിഞ്ഞ ദിവസം പിറവം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തിരുന്നു.
എല്ലാവർഡുകളിലും ഉള്ളവർക്ക് ഈ സഹായം ലഭിച്ചിരുന്നു. ഇതറിഞ്ഞ് ബേബിയുടെ ഭാര്യ പിറവം സ്റ്റേഷനിലേക്ക് വിളിച്ച് തങ്ങളുടെ ദുരവസ്ഥ അറിയിച്ചിരുന്നു. ബേബിക്ക് പത്താംക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ടു മക്കളാണുള്ളത്.
മകൻ നോർബിൻ ഫിറ്റ്സ് ബാധിതനാണ്. ഭാര്യ ലിസമ്മയ്ക്ക് കരൾ, ശ്വാസകോശ രോഗവുമുണ്ട്. റബർ വെട്ടുതൊഴിലാളിയായ ബേബി താമസിക്കുന്നത് മണ്ണു കൊണ്ട് ഭിത്തി കെട്ടി പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൊച്ചു കുടിലിലാണ്.
എന്നാൽ ഇവരുടെ വീട് പിറവം സ്റ്റേഷൻ പരിധിയിൽ ആയിരുന്നില്ല. എന്നിട്ടും ഇവരുടെ ദുരവസ്ഥ കേട്ട് ജനമൈത്രി ബീറ്റ് ഓഫീസറായ ബിജു മോൻ അവരെ സഹായിക്കാൻ തയാറായി. ബേബിയുടെ പരിസരവാസിയായ സുരേഷ് എന്ന പോലീസ് ഓഫീസറുടെ കൈയിൽ വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ ബേബിക്ക് വാങ്ങി നൽകി.
തുടർന്ന് ക്രിസ്തുരാജ പ്രയർ സെന്ററിലെ അമൽ കക്കാടിനോടും എന്റെ പാന്പാക്കുട വാട്സ്ആപ് കകൂട്ടായ്മയിലെ ചെയർമാൻ ജിനു സി.ചാണ്ടിയോടും ഇക്കാര്യം അറിയിച്ചു. തുടർന്ന അവർ രണ്ടുപേരും ബേബിയുടെ വീട്ടിലെത്തി ദുരവസ്ഥ കണ്ട് അത്യാവശ്യ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകി.
വിവരം അറിഞ്ഞ് പിറവം എംഎൽഎ അനൂപ് ജേക്കബ് ഇവരുടെ വീട്ടിലെത്തി. ഒരു വർഷം മുന്‍പ് ബേബിക്ക് നാല് സെന്റ് സ്ഥലം സൗജന്യമായി ലഭിച്ചിട്ടുണ്ടായിരുന്നു. അവിടെ ഒരു വീട് നിർമിച്ചു നൽകാമെന്ന് അനൂപ് ജേക്കബ് അറിയിച്ചിട്ടുണ്ട്.
വീട് നിർമാണത്തിനായി ഒരു കമ്മിറ്റിയുടെ രൂപീകരണം നടക്കുമെന്നും എംഎൽഎ അറിയിച്ചു. ലോക്ക്ഡൗണിനു ശേഷം നിർമാണ പ്രവർത്തനം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എംഎൽഎയും മറ്റും.
ബേബിയുടെ മക്കൾക്ക് പ്രതിമാസം 2,000 രൂപയുടെ സ്കോളർഷിപ്പ് നൽകാമെന്ന് മറ്റൊരു സംഘടനയും അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്തെ ഈ സന്നദ്ധ പ്രവർത്തനത്തിലൂടെ പോലീസ് ഉദ്യോഗസ്ഥനായ ബിജു മോൻ സോഷ്യൽ മീഡിയയിലും താരമായിരിക്കുകയാണ്.