തൃശൂര്‍: എൽഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നതിന്റെ ഗൂഢാലോചന നടന്നതു തൃശൂരിലാണെന്ന് സൂചന. തൃശൂരുമായി ഏറെ ബന്ധമുള്ള ജയരാജന് ഇവിടെയുള്ള ചില ബിസിനസുകാരുമായി വഴിവിട്ട ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഇ.പിയുമായി ഏറെ അടുത്ത ബന്ധമുള്ള ഈ ബിസിനസുകാരനെ ഇഡി വിളിച്ചു ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇ.പി.ക്കു കരുവന്നൂര്‍ തട്ടിപ്പുകേസിലെ പണമിടപാടുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയരാനും ഇതാണു കാരണം. ഇ.പിയെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചേക്കുമെന്നും പ്രചാരണം നടന്നിരുന്നു.
തൃശൂരിലെ പ്രമുഖ സിപിഎം നേതാക്കള്‍ക്കും ഇ.പി. ജയരാജന് ബിജെപിയിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയ കാര്യം അറിയാമായിരുന്നു. പാര്‍ട്ടിയെയും ലാവ്ലിന് കേസില്‍നിന്ന് പിണറായി വിജയനെയും രക്ഷിക്കാനുള്ള രഹസ്യചര്‍ച്ചകളുടെ ഭാഗമാണ് ഇത്തരം നീക്കമെന്നാണ് ധരിപ്പിച്ചിരുന്നത്. എന്നാല്‍ ഇ.പി ബിജെപിയിലേക്കു പോകുന്നതിനുള്ള വഴിയൊരുക്കുകയായിരുന്നുവെന്നു പുറത്തുവന്നതോടെ തൃശൂരിലെ സിപിഎം നേതാക്കളും ഞെട്ടലിലാണ്.
ഇഡിയുടെ ഭീഷണിയും ഭാര്യയുടെ റിസോര്‍ട്ടുമായുള്ള പ്രശ്നങ്ങളും ഒഴിവാക്കാനാണ് നല്ല സ്ഥാനം കിട്ടിയാല്‍ ബിജെപിയിലേക്കു പോകാന്‍ തീരുമാനിച്ചതെന്നു പറയുന്നു. ഇതിനെല്ലാം പുറമേ ഏറ്റവും അടുത്ത ബന്ധമുള്ള മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയാക്കാതെ തഴഞ്ഞതും ഇ.പിയെ ഏറെ വേദനിപ്പിച്ചിരുന്നു.
അതിന്റെ പ്രതിഷേധം പ്രവര്‍ത്തകരെയും അറിയിക്കാനാണ് സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ നടത്തിയ ജാഥയില്‍നിന്ന് തുടക്കത്തില്‍ വിട്ടുനിന്നത്. പിന്നീട് ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് ജാഥ തൃശൂരിലെത്തിയപ്പോള്‍ ഇവിടെയുണ്ടായിരുന്ന ഇ.പി. പങ്കെടുത്തത്.
തൃശൂര്‍ രാമനിലയത്തില്‍ താനുമായും ഇ.പി. ജയരാജന് ചര്‍ച്ച നടത്തിയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപി അഖിലേന്ത്യാ നേതാവ് പ്രകാശ് ജാവദേക്കറുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നു വെളിവായത്.
എന്തായാലും പോളിംഗ് ദിനത്തിൽ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ഇ.പി. ജയരാജനെതിരേ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും ഇ.പിയുടെ നീക്കത്തില്‍ പ്രതിഷേധമുണ്ട്. ഇ.പിയെ ഒതുക്കാന്‍ ഇതുതന്നെ അവസരമെന്നു മനസിലാക്കി തക്ക നടപടിയെടുക്കണമെന്നാണ് എം.വി. ഗോവിന്ദന്പക്ഷം ആവശ്യപ്പെടുന്നത്.
എം. പ്രേംകുമാർ