സിജി ഉലഹന്നാന്‍
കണ്ണൂര്‍: സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്നത് മറ്റൊരു അത്യാവശ്യത്തിന് പോകേണ്ടി വന്നതിനാലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ എംഎല്‍എ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എം.എം.മണിയെ മന്ത്രിയായി പ്രഖ്യാപിച്ച സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് ഇന്നു രാവിലെ ദീപികയോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയില്‍ ഒരു ഒഴിവുണ്ടായാല്‍ പകരം ആളെ നിയമിക്കുന്നത് സ്വാഭാവികമാണ്. അതു തന്നെയാണ് ഇവിടെയും ചെയ്തത്. എം.എം.മണി നല്ല നേതാവാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അതെല്ലാം നിങ്ങളുടെ ഭാവനയ്ക്കു വിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ മന്ത്രിസ്ഥാനം നഷ്ടമാക്കിയതില്‍ പാര്‍ട്ടിയിലെ ആരെയും കുറ്റപ്പെടുത്താനില്ല. നിയമനകാര്യത്തില്‍ മാധ്യമങ്ങള്‍ രണ്ടാഴ്ച മുഴുവന്‍ കൊട്ടിഘോഷിച്ച് ഭൂകമ്പമുണ്ടാക്കുകയായിരുന്നില്ലേ. ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ പോലും ഇങ്ങനെ കണ്ടിട്ടില്ലേ. ഭൂകമ്പം ഉണ്ടായാല്‍ ചലനമുണ്ടാവില്ലേ. ഇപ്പോള്‍ എല്ലാവര്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയുന്നുണ്ടല്ലോ- അദ്ദേഹം ചോദിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ കൈയടക്കാന്‍ കാത്തിരുന്ന ചില സ്വകാര്യവ്യക്തികള്‍ മാധ്യമങ്ങളെ വിലക്കെടുത്തതാണ് മന്ത്രിസ്ഥാനം നഷ്ടമാകാന്‍ കാരണമെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു.
ഇനി മാധ്യമങ്ങളിലൊന്നും പേരുവരാത്ത രീതിയില്‍ ജീവിക്കുന്നകാര്യത്തെ കുറിച്ച് ഞാന്‍ ആലോചിക്കുന്നുണ്ട്. സാധാരണക്കാരനെ പോലെ ജീവിച്ചാല്‍ ആര്‍ക്കും കുഴപ്പമില്ലല്ലോ. ഇനി ഒന്നും മിണ്ടുന്നില്ല. മാധ്യമങ്ങള്‍ക്ക് സൈ്വരമുണ്ടാകട്ടെ. മാധ്യമങ്ങളാണല്ലോ എല്ലായിടത്തും ജയിച്ചത്.
ബന്ധുനിയമനങ്ങള്‍ നടത്താത്ത് ആരാണ്. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴല്ലെ മകനെ കയര്‍ഫെഡ് എംഡിയാക്കിയത്. വി.എസ്.നേരിട്ട് ഭരിക്കുന്ന ഐഎച്ച്ആര്‍ഡിയിലും മകനെ നിയമിച്ചല്ലോ. യുഡിഎഫിന്റെ ഭരണകാലത്ത് മന്ത്രി അനൂപ് ജേക്കബും ബന്ധുനിയമനം നടത്തിയിട്ടുണ്ടല്ലോ. അതെല്ലാം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്.
ഞാന്‍ ഭരണമേല്‍ക്കുന്നതിന് മുമ്പ് പൊതുമേഖലാ സ്ഥാപനങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പഠിച്ചവര്‍ക്ക് നിയമനകാര്യത്തില്‍ ഒരു തെറ്റും പറയാനാവില്ല. ഓരോ സ്ഥാപനത്തിലും യോഗ്യത അനുസരിച്ചുള്ള ആള്‍ക്കാരെയാണ് നിയമിച്ചത്. അര്‍ഹതയുള്ള ആള്‍ക്കാര്‍ക്ക് നിയമനം നല്‍കുന്നത് തെറ്റാണോ. പാര്‍ട്ടി അംഗത്തിന്റെ ബന്ധുവായതുകൊണ്ട് അര്‍ഹമായ നിയമനം നിഷേധിക്കുന്നത് ശരിയാണോ-ജയരാജന്‍ ചോദിച്ചു.പാര്‍ട്ടി ഇത് തിരിച്ചറിയാത്തതില്‍ വിഷമമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അതെല്ലാം നിങ്ങളുടെ ഇഷ്ടത്തിന് വിട്ടിരിക്കുന്നുവെന്നായിരുന്നു ജയരാജന്റെ മറുപടി.