ദുബായ്: താൻ ഉൾപ്പെട്ട ബന്ധുനിയമന കേസിൽ ചില കേന്ദ്രങ്ങൾ തെറ്റായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ. ദുബായിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം വിവാദത്തിൽ പ്രതികരിച്ചത്. കേരളത്തിലെ മാധ്യമങ്ങൾ ആരോപണം വന്നപ്പോൾ തന്നെ വേട്ടയാടിയെന്നും പാർട്ടി പത്രംപോലും തന്നെ സ്വീകരിക്കുന്ന നിലപാട് സ്വീകരിച്ചില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തി.
അന്വേഷണത്തിന്റെ ഭാഗമായി തെറ്റായ ചില കാര്യങ്ങളാണ് നടന്നത്. കേരളത്തിലെ മാധ്യമങ്ങൾ തന്നെ വേട്ടയാടുകയായിരുന്നു. പാർട്ടി പത്രവും തന്നെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചില്ല. ഇത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായില്ല. കേസ് അന്വേഷണം പൂർത്തിയായാൽ ഇക്കാര്യങ്ങളിലുള്ള നിലപാടുകൾ തുറന്നുപറയാനാണ് ആഗ്രഹിക്കുന്നതെന്നും പാർട്ടി പത്രത്തിന്റെ ജനറൽ മാനേജർ കൂടി ആയിരുന്ന ജയരാജൻ പറഞ്ഞു. എം.എം.മണി മന്ത്രിസഭയിലേക്ക് എത്തിയതിൽ അസ്വാഭാവികത ഇല്ലെന്നും മുന്പുതന്നെ ഇക്കാര്യം പരിഗണനയിലുണ്ടായിരുന്നെന്നും ജയരാജൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പരോക്ഷവിമർശനം ഉൾക്കൊള്ളുന്ന കുറിപ്പ് ജയരാജൻ ഫേസ് ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നു.