കോട്ടയം: ബന്ധുനിയമന വിവാദത്തിൽ തനിക്കൊപ്പം നിന്നവർക്ക് നന്ദിയെന്ന് മുൻ മന്ത്രി ഇ.പി. ജയരാജൻ. താൻ സത്യത്തിന്റെ ഭാഗത്താണ് നിൽക്കുന്നത്. തനിക്ക് ആരോടും ശത്രുതയില്ല. എല്ലാവരുമായി നല്ല ബന്ധം സ്ഥാപിച്ചു പോകാനാണ് ശ്രമിക്കുന്നത്. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ജയരാജൻ കോട്ടയത്ത് പറഞ്ഞു.
ബുധനാഴ്ചയാണ് ഇ.പി. ജയരാജനെതിരേയുള്ള ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയരാജൻ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നടപടി.