തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ നിന്നും പുറത്തുപോയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുന്നു. ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനമെടുത്തു കഴിഞ്ഞു. ഉന്നത നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തി. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ജയരാജന്റെ മടങ്ങിവരവിന് അനുവാദം നൽകും.
തിങ്കളാഴ്ച എൽഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ സിപിഎം ഇക്കാര്യം മുന്നണിയിലെ മറ്റ് പാർട്ടികളെ അറിയിക്കും. മുൻപ് ജയരാജന്റെ മടങ്ങിവരവിന് കളമൊരുക്കിയപ്പോൾ സിപിഐ എതിർപ്പുന്നയിച്ച് രംഗത്തുവന്നിരുന്നു. ജയരാജനെ മടക്കിക്കൊണ്ടുവന്നാൽ ഒരു മന്ത്രികൂടി സിപിഎമ്മിന് അധികമാകും. അങ്ങനെയായാൽ തങ്ങൾക്കും ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്ന് സിപിഐ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു.
ഇത്തരമൊരു വാദഗതി സിപിഐ ഉയർത്തിയതിനാൽ തിങ്കളാഴ്ചത്തെ എൽഡിഎഫ് യോഗത്തിന് മുൻപ് അവരുമായി സിപിഎം പ്രത്യേക ചർച്ച നടത്തും. ജയരാജനെ മടക്കിക്കൊണ്ടു വരുന്നതിന്റെ കാരണം സിപിഐയെ ബോധ്യപ്പെടുത്തുക എന്നതാവും ചർച്ചയുടെ ലക്ഷ്യം.
ഫോണ്കെണി കേസിൽ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രൻ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നിട്ടും ജയരാജനെ മടക്കിക്കൊണ്ടു വരാത്തതിൽ പാർട്ടിയിൽ തന്നെ വിമർശനങ്ങളുണ്ടായിരുന്നു. ജയരാജൻ പ്രതിയായ ബന്ധുനിയമന കേസിൽ അദ്ദേഹത്തിന് വിജിലൻസ് ക്ലീൻചിറ്റ് നൽകിയിട്ടുണ്ട്. ഈ സാഹചര്യം നിലനിൽക്കുന്പോഴും അദ്ദേഹം മന്ത്രിസഭയിലേക്ക് മടങ്ങി വന്നിരുന്നില്ല.
ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുന്പോൾ മുൻപ് ഭരിച്ചിരുന്ന വ്യവസായ വകുപ്പ് തന്നെ ലഭിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജയരാജന്റെ ഒഴിവിൽ മന്ത്രിസഭയിൽ എത്തിയ എം.എം.മണിക്ക് വൈദ്യുതി വകുപ്പാണ് നൽകിയിരുന്നത്. വ്യവസായ വകുപ്പ് എ.സി.മൊയ്തീനെ മുഖ്യമന്ത്രി ഏൽപ്പിക്കുകയും ചെയ്തു.
ജയരാജന് ഏത് വകുപ്പ് ലഭിക്കുമെന്ന കാര്യത്തിൽ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജന് പ്രധാന വകുപ്പുകളിൽ ഒന്ന് ലഭിക്കുമെന്ന് ഉറപ്പാണ്.