കണ്ണൂർ: തന്റെ രാഷ്ട്രീയജീവിതവും ഇത്രയും നാളും കടന്നുവന്ന വഴികളും നേരിട്ട വിവാദങ്ങളും എല്ലാം ഉൾപ്പെടുത്തിയുള്ള ആത്മകഥ ഉടൻ പുറത്തിറങ്ങുമെന്ന് എൽഡിഎഫ് സംസ്ഥാന കൺവീനർ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. രാഷ്ട്രീയ ജീവിതവും വിവാദങ്ങളുമെല്ലാം തുറന്നെഴുതിയേക്കുമെന്നാണു സൂചന.
ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇ.പി. ഇക്കാര്യം പറഞ്ഞത്. സാധാരണഗതിയിൽ തനിക്കു പറയാനുള്ളതു തുറന്നടിക്കാറുള്ള ഇ.പി. ജയരാജൻ, എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തിലും പൂർണ സംയമനം പാലിച്ചാണു മാധ്യമങ്ങളോടു പ്രതികരിച്ചതെന്നതു ശ്രദ്ധേയമാണ്.
സിപിഎമ്മിന്റെ കണ്ണൂരിലെ ജയരാജൻമാരിൽ പ്രമുഖനായ ഇ.പി. ജയരാജൻ ആറു പതിറ്റാണ്ട് നീണ്ട തന്റെ പാർട്ടിജീവിതം ആത്മകഥയിലൂടെ എഴുതുന്പോൾ പാർട്ടിക്കുള്ളിലെ പല കാര്യങ്ങളും തുറന്നുപറഞ്ഞേക്കുമെന്നാണു കരുതുന്നത്. പലപ്പോഴായി പാർട്ടിക്കുള്ളിൽനിന്നുതന്നെ ഇ.പിയെ ലക്ഷ്യമിട്ട് നടത്തിയ വേട്ടകളുടെ കഥകളും ആത്മകഥയിൽ ഉണ്ടായേക്കും.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ യഥാർഥ വിവരങ്ങൾ, റിസോർട്ടുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽനിന്നുണ്ടായ വേട്ടയാടൽ, പാർട്ടിക്കുള്ളിൽ തന്നെ ഒതുക്കിയ നീക്കങ്ങൾ, ഇവയ്ക്കു പിന്നിൽ പ്രവർത്തിച്ചവർ എന്നിവയെല്ലാം ആത്മകഥയിലുണ്ടായാൽ സിപിഎം കടുത്ത പ്രതിരോധത്തിലാകും