ാ
സ്വന്തം ലേഖകൻ
കണ്ണൂർ: പാർട്ടി പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കുന്ന എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇ.പി. ജയരാജനെ അനുനയിപ്പിക്കാൻ മന്ത്രി ശിവൻകുട്ടിയെത്തി.
വി. ശിവൻകുട്ടിയുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ഇ.പിയുടെ മറുപടി ഇങ്ങനെയായിരുന്നു; ” നിങ്ങൾക്ക് വാർത്തകൾ മെനയാം..ഞാനും എന്റെ പാർട്ടിയും സഖാക്കളും ഇവിടെയൊക്കെ തന്നെ കാണും..’
കഴിഞ്ഞ കുറച്ചുനാളുകളായി ജയരാജൻ സിപിഎമ്മിന്റെ പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയാണ്. ഗവർണർക്കെതിരേ നടത്തിയ എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ ഇ.പി. ജയരാജൻ പങ്കെടുക്കാത്തത് വാർത്തയായിരുന്നു
. ആരോഗ്യപരമായ കാരണങ്ങളാൽ ഒരുമാസത്തേക്ക് പാർട്ടിയിൽനിന്ന് അവധി എടുത്തുവെന്നാണ് ജയരാജൻ നൽകിയ വിശദീകരണം. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും പാർട്ടി പ്രവർത്തനങ്ങളിൽ ഇ.പി. ജയരാജൻ സജീവമായിട്ടില്ല.
ഇതിനിടയിൽ കണ്ണൂരിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഇ.പി. ജയരാജൻ പങ്കെടുക്കുകയും ചെയ്തു. ഇ.പി. ജയരാജൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നുള്ള വാർത്തകളും വന്നിരുന്നു.
ഈ വാർത്തകളോട് ഇ.പി പ്രതികരിച്ചുമില്ല. എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതിലും പിബിയിലേക്ക് പ്രവേശനം കിട്ടാത്തതിലും ഇ.പിക്ക് കടുത്ത അതൃപ്തിയുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.