കണ്ണൂർ: കേരളത്തിലെ ജനങ്ങളുടെ ഐക്യവും സാഹോദര്യവുമാണ് മഹാപ്രളയത്തെ പ്രതിരോധിക്കാൻ സഹായിച്ചതെന്ന് മന്ത്രി ഇ.പി.ജയരാജൻ. മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസനിധിയിലേക്ക് കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും മാനേജ്മെന്റും സമാഹരിച്ച ധനസഹായം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിനു മുന്നിൽ കേരളീയരുടെ യോജിപ്പ് കണ്ട് മറ്റു രാജ്യങ്ങളിലെ ജനങ്ങൾ പോലും അദ്ഭുതപ്പെട്ടു. ഈ യോജിപ്പിലാണ് എന്തിനെയും പ്രതിരോധിക്കാനുള്ള ഇച്ഛാശക്തി കൈവന്നത്. രാജ്യത്തിനു പുറത്തുമുള്ള ജനങ്ങൾ കേരളത്തിനൊരു കൈത്താങ്ങായി സർക്കാരിന് പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. പ്രളയാനന്തരം പകർച്ചവ്യാധികൾ പടരുന്നത് തടയാൻ സാധിക്കണം.
പ്രതിരോധ പ്രവർത്തനങ്ങളിൽ വിദ്യാർഥികളും പങ്കാളികളാകണം. മഴ നിൽക്കുന്പോൾ അന്തരീക്ഷ ഊഷ്മാവ് വർധിക്കുകയാണ്. ഇങ്ങനെ വന്നാൽ ഓസോൺ പാളികൾ ദുർബലപ്പെടും. ഇത് വലിയ അപകടമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ മഹത് സ്ഥാപനമായ ശ്രീപുരം സ്കൂൾ കുട്ടികളെ അത്യുന്നത നിലയിൽ എത്തിക്കുന്നതിൽ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യാമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച 4.58 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ മന്ത്രിക്ക് കൈമാറി. സ്കൂൾ മാനേജർ ഫാ. ജോസ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, പി.കെ. ശ്രീമതി എംപി, വൈസ് പ്രിൻസിപ്പൽ ഫാ. ലിജോ കൊച്ചുപറന്പിൽ, പ്രിൻസിപ്പൽ സിസ്റ്റർ അനിത, പിടിഎ പ്രസിഡന്റ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു.