കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും ജാവദേക്കറുടെ കൂടെ ടി.ജി. നന്ദകുമാറും ഉണ്ടായിരുന്നുവെന്നും ഇ.പി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മാസങ്ങൾക്ക് മുൻപാണ് കണ്ടത്. ഇതുവഴി കടന്നുപോയപ്പോൾ സന്ദർശിക്കാൻ എത്തിയതാണെന്നാണ് ജാവദേക്കർ പറഞ്ഞത്. രാഷ്ട്രിയം സംസാരിക്കാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.
ശോഭ സുരേന്ദ്രനും സുധാകരനും നാല് മാധ്യമപ്രവർത്തകരും നടത്തിയ ഗൂഢാലോചനയാണിത്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. തൃശൂർ സീറ്റ് സംബന്ധിച്ച് നടത്തിയ ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ ഇന്ന് വരെ ശോഭാ സുരേന്ദ്രനോട് സംസാരിച്ചിട്ടില്ല, അടുത്ത് നിന്ന് പോലും കണ്ടില്ല. ആകെ കണ്ടത് ഉമ്മൻചാണ്ടിയുടെ മരണ സമയത്താണ്. എന്തടിസ്ഥാനത്തിലാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ശോഭാ സുരേന്ദ്രന് തന്റെ മകൻ മെസേജ് അയച്ചിട്ടില്ലെന്നും ഇ.പി. പറഞ്ഞു.
അതേസമയം, നന്ദകുമാറിനെതിരെ കേസ് കൊടുക്കാൻ പറ്റില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഏത് വകുപ്പിൽ കേസ് കൊടുക്കുമെന്നും അദ്ദേഹം ചോദിച്ചു.