തിരുവനന്തപുരം: ഷാഫി പറന്പിൽ എംഎൽഎയ്ക്കെതിരെ ഇന്നലെ ഉണ്ടായ പോലീസ് മർദ്ദനത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ നിയമസഭയെ അറിയിച്ചു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയോട് പോലീസ് നടപടിയെക്കുറിച്ച് അന്വേഷണം നടത്താൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ മാർച്ചിനിടെ ഷാഫിക്ക് മർദ്ദനമേറ്റ സംഭവം ദൗർഭാഗ്യകരമായിപ്പോയി. കെ.എസ് യു പ്രവർത്തകർ പോലീസിനെ ആക്രമിച്ചു. നിയമപ്രകാരമുള്ള മുന്നറിയിപ്പ് പ്രവർത്തകർ അവഗണിച്ചു. ഷാഫി പറന്പിൽ ആശുപത്രിയിൽ പോകാൻ തയാറായില്ലെന്നും പോലീസ് ആംബുലൻസിൽ നിന്നും ഷാഫി ഇറങ്ങിപ്പോയെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷത്ത് നിന്നും വി.ടി. ബൽറാം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹത്തിന് വേണ്ടിയാണ് ഇ.പി. ജയരാജൻ കാര്യങ്ങൾ സഭയിൽ വിശദീകരിച്ചത്. സഭ നിർത്തി വച്ച് വിഷയം ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.