തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ ഇന്ന് കോടതിയിൽ ഹാജരാകുമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ.
രാഷ്ട്രീയ പ്രവർത്തനത്തിനിടെ ഗാന്ധിജിയും കോടതിയിൽ ഹാജരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും കോടതിയിൽ ഹാജരാകേണ്ട ി വന്നിട്ടുണ്ടെന്നു ഇ.പി.ജയരാജൻ മാധ്യമങ്ങ ളോടു പറഞ്ഞു.
നിയമസഭ കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജൻ ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാകുക.
കേസിലെ മൂന്നാം പ്രതിയായ ജയരാജന് കോടതി ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു.
അന്ന് ജയരാജൻ അസുഖ കാരണം ചൂണ്ടികാട്ടി ഹാജരായിരുന്നില്ല. ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷം വിചാരണ തീയതിയും കോടതി തീരുമാനിക്കും.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ പൊതുമുതൽ നശിപ്പിച്ചു എന്നതാണ് കേസ്. 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്.