തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി ഇ.പി.ജയരാജൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇ.പി. ജയരാജനെ എൽഡിഎഫ് കണ്വീനർ സ്ഥാനത്തുനിന്നു നീക്കിയശേഷം ആദ്യമായാണ് ഇരുവരും നേരിൽ കാണുന്നത്.
അന്തരിച്ച സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് ഇവർ ഡൽഹിയിലെത്തിയത്.മുഖ്യമന്ത്രിയുമായി നടന്നത് സാധാരണ കൂടിക്കാഴ്ചയാണെന്ന് ഇ.പി. ജയരാജൻ പ്രതികരിച്ചു. മുഖ്യമന്ത്രിയെ കണ്ടതിനെ മാധ്യമങ്ങൾ വേറെരീതിയിൽ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയിൽ പറയാം.
മുഖ്യമന്ത്രിയുമായി എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുമായി സംസാരിച്ച കാര്യങ്ങൾ എല്ലാം മാധ്യമങ്ങളോട് പറയണോയെന്ന് ഇപി ചോദിച്ചു. രാഷ്ട്രീയ കാര്യങ്ങൾ പറയാനുള്ള സമയമല്ലെന്നും സീതാറാം യെച്ചൂരിയെക്കുറിച്ച് ചോദിക്കൂവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
ഞങ്ങൾ ഒരു പാർട്ടി കുടുംബത്തിലെ അംഗങ്ങളാണ്. ഞങ്ങളെല്ലാം തമ്മിൽ സ്നേഹവും ആദരവുമുണ്ട്. യെച്ചൂരിയുടെ വിടവാങ്ങലാണ് ഇന്നത്തെ പ്രശ്നവും ചർച്ചയും. മറ്റ് രാഷ്ട്രീയ വിഷയങ്ങൾ പിന്നീട് മാധ്യമങ്ങളെ വിളിച്ചു ചർച്ച ചെയ്യാമെന്നും ഇപി പറഞ്ഞു.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും ഇ.പി. ജയരാജനും തമ്മിലുള്ള കൂടിക്കാഴ്ച വിവാദമായിരുന്നു. മുഖ്യമന്ത്രി ഇപിയെ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇപിക്ക് ഇടതുമുന്നണി കൺവീനർ സ്ഥാനം നഷ്ടപ്പെട്ടു.
“ഇ.പി. ജയരാജന്റെ പ്രകൃതം എല്ലാവർക്കും അറിയാമല്ലോ. എല്ലാവരുമായും കൂട്ടുകൂടും. നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. പാപിയുമായി ശിവൻ കൂട്ടുകൂടിയാൽ ശിവനും പാപിയായി മാറും. കൂട്ടുകെട്ടുകളിൽ ജാഗ്രത പുലർത്തണം. ഇ.പി. ജയരാജൻ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്താറില്ലെന്ന് നേരത്തെയുള്ള അനുഭവമാണ്”എന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചത്.