കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജന്റെ ഭാര്യയ്ക്കും മകനും നിക്ഷേപമുള്ള വൈദേകം റിസോർട്ടിനായി നിക്ഷേപിച്ചവരുടെ പണത്തിന്റെ ഉറവിടം കണ്ടെത്താൻ ഇഡി കണ്ണൂരിലേക്ക്. കണ്ണൂർ സ്വദേശികളാണ് റിസോർട്ടിൽ നിക്ഷേപം നടത്തിയിട്ടുള്ളത്.
റിസോർട്ടിനായി നിക്ഷേപിച്ച പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റിന് പരാതി നൽകിയ കൊച്ചി സ്വദേശിയായ മാധ്യമപ്രവർത്തകൻ എം.ആർ. അജയൻ പണം നിക്ഷേപിച്ച 20 പേരുടെ ലിസ്റ്റും കൈമാറിയിരുന്നു.
റിസോർട്ടിന്റെ മറവിൽ അനധികൃത പണമിടപാട് നടന്നതായാണ് ഇഡിക്ക് ലഭിച്ച പരാതി. റിസോർട്ടിൽ ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര 80 ലക്ഷവും മകൻ പി.കെ. ജയ്സൺ 10 ലക്ഷവും നിക്ഷേപിച്ചതായാണ് ഇഡിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.
കണ്ണൂർ താണ സ്വദേശിയായ മുഹമ്മദ് അഷ്റഫ് എന്നയാൾ മൂന്നുകോടി രൂപ നിക്ഷേപിച്ചതായും പറയുന്നു. ഇയാൾ അക്കൗണ്ടിലൂടെ അല്ലാതെ കള്ളപ്പണം നല്കിയെന്നും പരാതിയിൽ പറയുന്നു.
ഇഡിക്ക് കൈമാറിയ ലിസ്റ്റിലെ 20 പേരും തങ്ങൾ നിക്ഷേപിച്ച പണത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടിവരും.വൈദേകം റിസോർട്ടിൽ ഇന്നലെ ഇൻകംടാകസ് പരിശോധന നടത്തിയിരുന്നു.കോഴിക്കോട് റേഞ്ചിന്റെ കീഴിലുള്ള കണ്ണൂർ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
ഇന്നലെ രാവിലെ 11 ഓടെ ആരംഭിച്ച പരിശോധന രാത്രി ഏഴോടെയാണ് അവസാനിച്ചത്. ടിഡിഎസ് സംബന്ധമായ സ്വാഭാവിക പരിശോധനയാണ് നടത്തിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.