തിരുവനന്തപുരം: റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഇ.പി.ജയരാജൻ.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാനായി രാവിലെ എകെജി സെന്ററിലെത്തിയ ജയരാജൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി. ട്രെയിൻ അരമണിക്കൂർ വൈകിയെന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
കണ്ണൂരിലെ വൈദേകം ആയൂർവേദ റിസോർട്ടിൽ ഇപിയുടെയും കുടുംബത്തിന്റെയും സാന്പത്തിക പങ്കാളിത്തവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പാർട്ടി യോഗത്തിലാണ് പി.ജയരാജൻ ഇ.പി.ക്കെതിരെ ആരോപണം ഉന്നയിച്ചത്.
പി.ജയരാജന്റെ ആരോപണം പാർട്ടിയിൽ ഏറെ ചർച്ചയാകുകയും പാർട്ടി പ്രതികൂട്ടിലാകുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ആരോഗ്യ കാരണങ്ങളാൽ ചികിത്സാർഥം ഇ.പി അവധിയിലായിരുന്നു.
ഇതേ തുടർന്ന് പാർട്ടി യോഗങ്ങളിൽ ഏറെ നാളായി അദ്ദേഹം പങ്കെടുത്തിരുന്നില്ല. തനിക്കെതിരെ പി.ജയരാജൻ ഉയർത്തിയ ആരോപണങ്ങൾക്ക് ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇ.പി ജയരാജൻ നേരിട്ട് മറുപടി പറയും.
പാർട്ടി നേതൃത്വത്തിന് തന്നോട് അനിഷ്ടം ഉണ്ടെ ങ്കിൽ എൽഡിഎഫ് കണ്‍വീനർ സ്ഥാനം രാജിവയ്ക്കാൻ വരെ അദ്ദേഹം തയാറാകുമെന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം വിവാദം രാഷ്ട്രീയ എതിരാളികൾ കുടുതൽ ചർച്ചയാക്കുകയും അണികളിൽ ഭിന്നതയുണ്ട ാകുകയും ചെയ്താൽ പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.
ഇ.പി ക്കെതിരെയുള്ള വിവാദം രമ്യമായി പരിഹരിക്കണമെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് നിർദേശിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.