തിരുവനന്തപുരം: ഇ.പി.ജയരാജന് എന്നെ പരിചയപ്പെടുത്തുന്നത് ദല്ലാൾ നന്ദകുമാറാണെന്നും നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നുതവണ ഇപിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽവച്ചും പിന്നീട് ഡൽഹി ലളിത് ഹോട്ടലിലും തൃശൂർ രാമനിലയത്തിലുമാണ് കൂടിക്കാഴ്ചകൾ നടന്നതെന്നും ശോഭാ സുരേന്ദ്രൻ ഒരു മാധ്യമത്തിനു നൽകിയ അഭമുഖത്തിൽ പറഞ്ഞു.
സിപിഎം സംസ്ഥാനസെക്രട്ടറിസ്ഥാനം ലഭിക്കാത്തതിൽ ദുഃഖവും അമർഷവുമുള്ള ഇപി പാർട്ടി വിടാനും ബിജെപിയിൽ ചേരാനും താത്പര്യം പ്രകടിപ്പിച്ചതായി നന്ദകുമാർ സൂചിപ്പിച്ചു. ബിജെപിയിൽ തനിക്ക് എട്ടു സംസ്ഥാനങ്ങളുടെ ചുമതല ഉണ്ടായിരുന്ന സമയത്താണ് നന്ദകുമാർ വരുന്നത്.
നന്ദകുമാർ ഇ.പി.ജയരാജനുമായി ദീർഘനേരം സംസാരിക്കുന്നത് സ്പീക്കർഫോണിലിട്ട് തന്നെ കേൾപ്പിച്ചുവെന്നും ശോഭാ സുരേന്ദ്രൻ പറയുന്നു. ശോഭ വെറും കേരളനേതാവ് മാത്രമല്ലേ, ഡൽഹിയിൽ പോവുന്ന വിവരം ചോരുമോ എന്നു ജയരാജൻ ആശങ്ക പ്രകടിപ്പിച്ചപ്പോൾ യോഗി ആദിത്യനാഥ്, അമിത് ഷാ, ജെ.പി. നഡ്ഢ തുടങ്ങിയവരോടൊപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ചിത്രം നന്ദകുമാർ അയച്ചു കൊടുത്തതായും ശോഭ പറയുന്നു.
പാർട്ടിയിൽ ചേരാൻ തീരുമാനിച്ചുറപ്പിച്ചാണ് നന്ദകുമാറിനൊപ്പം ഇ.പി. ജയരാജൻ ഡൽഹിയിലെത്തിയത്. 2023 ജനുവരിയിലാണ് ഈ ചർച്ച നടന്നത്. എനിക്ക് ഡൽഹിയിലെത്താൻ ചെന്നൈവഴിയുള്ള വിമാനടിക്കറ്റ് അയച്ചുതന്നത് നന്ദകുമാറാണ്. വൈകുന്നേരം മൂന്നുമണിയോടെ ഡൽഹിയിലെ ഹോട്ടൽ ലളിതിൽവച്ച് ഞങ്ങൾ കണ്ടു.
എന്നോടു സംസാരിച്ചശേഷം നന്ദകുമാർ ഇ.പി.യെ ഹോട്ടലിന്റെ മൂലയിലേക്ക് കൂട്ടിക്കൊണ്ടുപോയി സ്വകാര്യം പറയുന്നുണ്ടായിരുന്നു. ഇതിനുശേഷം ഇപി ദൂരെമാറിനിന്ന് ആരോടോ ഫോണിൽ സംസാരിച്ചു. അടുത്തദിവസം രാവിലെ പാർട്ടിയിൽ ചേരാമെന്നായിരുന്നു ധാരണ. പക്ഷേ, അന്നു രാത്രിതന്നെ ഇ.പി. തീരുമാനത്തിൽ മാറ്റംവരുത്തി.
‘എന്റെ കുടുംബംപോലും അറിയില്ല. അത്രയും മാനസികസംഘർഷത്തിലാണ് ഞാൻ’ എന്ന് പരിഭ്രാന്തിയോടെ ഇ.പി. പറഞ്ഞതായി നന്ദകുമാർ പിന്നീടു പറഞ്ഞു. മിഷൻ പരാജയപ്പെട്ടതിൽ ഞാനും ഏറെ പ്രയാസപ്പെട്ടു- ശോഭാ സുരേന്ദ്രൻ പറഞ്ഞു.