കണ്ണൂർ: പിണറായി വിജയനെ കൊല്ലാൻ കെ. സുധാകരൻ ലക്ഷ്യമിട്ടിരുന്നതായി ഇ.പി ജയരാജൻ എംഎൽഎ. നാൽപാടി വാസുവിന്റെ കൊലപാതകത്തിലും സുധാകരൻ നേരിട്ടു പങ്കെടുത്തിരിന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയെ ലക്ഷ്യമിട്ടിരുന്ന സുധാകരന് അത് സാധിക്കില്ലെന്നു മനസിലായതോടെയാണ് തനിക്ക് നേരെ തിരിഞ്ഞതെന്നും വായിൽ തോന്നിയതു വിളിച്ചു പറയുന്ന ക്രമിനലാണ് സുധാകരനെന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച സുധാകരനു മറുപടിയായാണ് ജയരാജന്റെ പ്രതികരണം.
തന്നെ കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ കോടതി ശിക്ഷിച്ചിരുന്നു. ഇതിൽ ഗൂഢാലോചനക്കേസിൽ സുധാകരനും പ്രതിയാണ്. ഈ കേസിൽ വിചാരണ തുടങ്ങാനിരിക്കുന്നതെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. നാൽപാടി വാസുവിനെ വെടിവച്ചതു സുധാകരനാണ്. മട്ടന്നൂർ പോലീസ് സുധാകരനെ പ്രതിയാക്കിയാണു കേസെടുത്തതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
സിപിഎം-ആർഎസ്എസ് അക്രമത്തിനു തുടക്കം കുറിച്ച നേതാവാണു പിണറായി വിജയനെന്ന് സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരുവിൽ കള്ളുകുടിച്ചതു പോലെയാണു നാൽപാടി വാസു വധത്തെക്കുറിച്ച് പിണറായി സംസാരിക്കുന്നത്.
താൻ പോലീസിന്റെ തോക്ക് വാങ്ങി വെടിവച്ചെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മാപ്പു പറയണമെന്നും സുധാകരൻ പറഞ്ഞിരുന്നു.