മട്ടന്നൂർ: പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം മറ്റു വികസന പദ്ധതികളിൽ നിന്നു പിന്നോട്ടു പോയിട്ടില്ലെന്നു വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. മട്ടന്നൂർ പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മന്ത്രിക്കുള്ള സ്വീകരണവും മുഖാമുഖത്തിലും സംസാരിക്കുകയായിരുന്നു ഇ.പി. വികസന പദ്ധതികൾക്കു കണക്കാക്കിയ ഫണ്ടിൽ നിന്നു 20 ശതമാനം തുക ദുരിത നിവാരണത്തിനു മാറ്റിയിട്ടുണ്ട്.
അടിസ്ഥാനസൗകര്യം ഏർപ്പെടുത്താൻ വൻ തുക വേണം. വിമാനത്താവളവുമായി ബന്ധപ്പെട്ടു മട്ടന്നൂർ മേഖലയിൽ വലിയ വികസനം വരും. വ്യവസായ വളർച്ചയ്ക്കു സൗകര്യം ഒരുക്കാൻ കിൻഫ്ര പാർക്കിനു കൂടുതൽ ഭൂമി ഏറ്റെടുക്കാൻ നടപടിയാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡ് വികസനമാണു പ്രധാന പ്രശ്നം. ആവശ്യമായ സ്ഥലം വിട്ടു കിട്ടുന്നില്ല.
പദ്ധതികൾ നടപ്പിൽ വരുത്തുന്നതിൽ ഉദ്യോഗസ്ഥർ വേണ്ടത്ര ശുഷ്കാന്തി കാട്ടുന്നില്ലെന്നതു പല പദ്ധതികൾക്കും തടസമാകുന്നുണ്ട്. പ്രധാന അമ്പലങ്ങളെ ബന്ധപ്പെടുത്തി തീർഥാടന ടൂറിസമെന്ന ആശയമുണ്ട്. നായിക്കാലി പുഴയൊര ടൂറിസം പദ്ധതിയ്ക്കു 10 കോടി അനുവദിച്ചു. മട്ടന്നൂരിൽ ബൈപാസ് റോഡുകൾ ഉണ്ടായാൽ മാത്രമേ ഗതാഗത പ്രശനത്തിനു പരിഹാരം ആവുകയുള്ളൂവെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
മട്ടന്നൂരിലെ കൂടാളി പബ്ലിക് സർവ്വൻറ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ പി.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റിട്ട. പ്രിൻസിപ്പൽ ഡോ.ജി.കുമാരൻ നായർ ഒരു മാസത്തെ പെൻഷൻ തുക മന്ത്രിയെ ഏൽപ്പിച്ചു.
എൻ.വി.ചന്ദ്രബാബു, കെ.വി.ജയചന്ദ്രൻ, സി.വി.ശശീന്ദ്രൻ , വി.ആർ.ഭാസ്കരൻ, ബിജു ഏളക്കുഴി, ഇ.പി.ഷംസുദ്ദീൻ, കെ.പി.രമേശൻ, ജിജേഷ് ചാവശേരി, കെ.ശ്രീധരൻ, എ.സുധാകരൻ, എം.സി. കുഞ്ഞഹമ്മദ്, പി.പി. കാദർ, കെ.പി.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.