സിജി ഉലഹന്നാൻ
കണ്ണൂർ: രാഷ്ട്രീയവിരോധം തീർക്കാൻ എനിക്കെതിരേ ആരോ വാർത്തകൾ എഴുതിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ. കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി എന്ന വിവാദം സംബന്ധിച്ച് ഇന്നു രാവിലെ “രാഷ്ട്രദീപിക’യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” അവർക്കൊക്കെ ഭ്രാന്താണ്. അല്ലാതെ ഇത്തരം വിവരക്കേട് ചെയ്യുമോ. പൂരമഹോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനവും ആയോധന കളരിയിൽ പത്മശ്രീ നേടിയ മീനാക്ഷിയമ്മ ഗുരുക്കൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുന്നതിനാണ് 2017 ഏപ്രിൽ ആറിന് ഞാൻ ക്ഷേത്രത്തിൽ പോയത്.
എന്റെ മണ്ഡല പരിധിയിലുള്ള പുരാതന ക്ഷേത്രമാണിത്. പരിപാടിക്കെത്തിയപ്പോൾ ക്ഷേത്രത്തിന്റെയുള്ളിലെ അത്യപൂർവ്വമായ വാസ്തുഭംഗി കാണുന്നതിനായി ക്ഷേത്ര അധികൃതർ എന്നോട് അഭ്യർഥിച്ചു. ഇതേത്തുടർന്നാണ് ഞാൻ ക്ഷേത്രത്തിൽ കയറിയത്. ക്ഷേത്രത്തിൽ പ്രവേശിക്കണമെങ്കിൽ ചെരുപ്പുകളും ഷർട്ടും അഴിക്കണമെന്ന് എല്ലാവർക്കും അറിയാം. അത് മാത്രമേ ഞാനും ചെയ്തുള്ളൂ. അല്ലാതെ ദർശനം നടത്തിയതൊന്നുമല്ല. ആരുടെയോ താത്പര്യത്തിന് വേണ്ടി അങ്ങനെ എഴുതിക്കുകയാണ്.
മാധ്യമങ്ങൾ ആരുടെയെങ്കിലും താത്പര്യത്തിന് വേണ്ടി ഇങ്ങനെ അധഃപതിക്കരുത്. മന്ത്രിയായിരുന്ന അവസരത്തിൽ ക്ഷേത്ര അധികൃതർ എന്നെയൊരു പരിപാടിക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, പോകാൻ കഴിഞ്ഞില്ല. ഇതേത്തുടർന്നാണ് പൂരമഹോത്സവത്തിന് ക്ഷണിച്ചത്. അപ്പോഴേക്കും ഞാൻ മന്ത്രിയല്ലാതായി കഴിഞ്ഞിരുന്നു. ഒരു വർഷം മുന്പാണ് സംഭവം നടന്നത്.
ഇപ്പോൾ ഇത് വിവാദമാക്കേണ്ടത് ആരുടെയൊക്കെ താത്പര്യമാണെന്നും ജയരാജൻ പറഞ്ഞു. പാർട്ടിക്കുള്ളിൽ തന്നെയുള്ള നീക്കങ്ങളാണോ ഇതിന് പിന്നിലെന്ന് ചോദിച്ചപ്പോൾ അതൊക്കെ നിങ്ങൾ അന്വേഷിച്ചാൽ മതിയെന്നും ജയരാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇ.പി.ജയരാജൻ എംഎൽഎ ദർശനത്തിന് വേണ്ടിയല്ല ക്ഷേത്രത്തിൽ എത്തിയതെന്ന് മുഴക്കുന്ന മൃദംഗശൈലേശ്വരി ക്ഷേത്ര അധികൃതരും വ്യക്തമാക്കി.
പൂരമഹോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനത്തിന് വേണ്ടി എത്തിയ അദ്ദേഹം തങ്ങളുടെ നിർബന്ധപ്രകാരമാണ് വാസ്തുഭംഗി കാണുന്നതിന് ക്ഷേത്രത്തിനുള്ളിൽ കയറിയത്. സ്ഥലം എംഎൽഎ കൂടിയായ ജയരാജൻ ഒരു പ്രാവശ്യം മാത്രമേ ക്ഷേത്രത്തിൽ വന്നിട്ടുള്ളൂ. മന്ത്രിയായിരുന്നപ്പോൾ നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചെങ്കിലും അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.