കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ എംഎൽഎ നടത്തിയ ക്ഷേത്രവിശ്വാസത്തെക്കുറിച്ചുള്ള പ്രസംഗം പാർട്ടിയിൽ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം കാസർഗോഡ് പിലിക്കോട് വേങ്ങക്കോട്ട് പെരുങ്കളിയാട്ടത്തോടുബന്ധിച്ചുള്ള പരിപാടിയിൽ ഇ.പി. ജയരാജൻ, ക്ഷേത്രങ്ങളെക്കുറിച്ചുള്ള ചിന്തകൾ ഉണർവ് നൽകുമെന്ന് പ്രസംഗിച്ചതാണു ചർച്ചയാകുന്നത്.
“ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളിൽ ശാസ്ത്രീയ വശമുണ്ട്. ക്ഷേത്രത്തെക്കുറിച്ചുള്ള ചിന്ത മനുഷ്യന് ഉണർവുണ്ടാക്കും. നാടിന്റെ ചലനാത്മകതയ്ക്കും വളർച്ചയ്ക്കും അതു കാരണമായിത്തീരും. ക്ഷേത്രങ്ങളിലെ പൂജാതി കർമങ്ങൾ നന്മയുണ്ടാക്കും.
മനുഷ്യന്റെ കർമശേഷി കൂട്ടും. 1400 വർഷങ്ങൾക്കു മുൻപുള്ള ക്ഷേത്രാനുഷ്ഠാനങ്ങളിലൂന്നി ശാസ്ത്രലോകം ഇന്ന് നിരീക്ഷണം നടത്തുന്നു. ഹോമങ്ങളും പൂജകളും മനുഷ്യരുടെയും പ്രകൃതിയുടെയും സുരക്ഷ പ്രദാനം ചെയ്യുന്നു”- ഇതായിരുന്നു ഇ.പി. ജയരാജന്റെ വാക്കുകൾ.
തുടർന്നു പ്രസംഗിച്ച എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ജയരാജന്റെ പ്രസംഗത്തെ പുരോഹിതന്റെ പ്രസംഗം എന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കെ ഇ.പി. ജയരാജൻ നടത്തിയ പ്രസംഗം വിഡ്ഢിത്തം എന്ന നിലയിൽ ഇടതുചിന്തകർ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.
ഫേസ് ബുക്കും വാട്സ് ആപ്പും അടക്കമുള്ള സോഷ്യൽ മീഡിയകളിലും ജയരാജന്റെ പ്രസംഗത്തെ പരിഹസിച്ച് നിരവധി ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. പലയിടങ്ങളിലും പാർട്ടി പ്രവർത്തകർ ഇ.പി. ജയരാജന്റെ പ്രസംഗത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജയരാജന്റെ പ്രസംഗം കണ്ണൂർ ജില്ലാ സമ്മേളനത്തിലും ചർച്ചയാകുമെന്നാണ് അറിയുന്നത്. 27, 28, 29 തീയതികളിൽ കണ്ണൂരിലാണ് സിപിഎം ജില്ലാ സമ്മേളനം നടക്കുന്നത്.