ചിറ്റപ്പാ, ശമ്പളം കിട്ടി… ലഡുവും കൊണ്ട് വന്നതാ..! ഇ.പി. ജയരാജന്റെ രാജി ആഘോഷിച്ച് ട്രോളന്മാര്‍; നാക്ക് ഉളുക്കിയ വീഡിയോയും നവമാധ്യമങ്ങളില്‍ പറക്കുന്നു

കൃഷ്ണമോഹന്‍
2
തിരുവനന്തപുരം: “ദൈവമേ, ഇ.പി. ജയരാജനു രാജിവയ്ക്കാന്‍ തോന്നരുതേ, ചവിട്ടിപ്പുറത്താക്കാന്‍ പാര്‍ട്ടിക്കും തോന്നരുതേ! “ബന്ധുവിവാദത്തില്‍ കുടുങ്ങി ഇ.പി. ജയരാജന്റെ മന്ത്രിസ്ഥാനം തെറിക്കും എന്ന വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാരുടെ പ്രാര്‍ഥന ഇതായിരുന്നു. അവരെ കുറ്റംപറയാന്‍ പറ്റില്ല, പിണറായി സര്‍ക്കാര്‍ അധികാരമേറിയപ്പോള്‍ നവമാധ്യമലോകത്തെ ട്രോളര്‍മാരുടെ ക്ഷേമത്തിന് ഇ.പി. ജയരാജനെ പിണറായി വിശ്വസിച്ച് ഏല്‍പ്പിച്ചതുപോലെയായിരുന്നു കാര്യങ്ങള്‍.

കഴിഞ്ഞ മന്ത്രിസഭയില്‍ നാക്കു പിഴവും പരിഹാസ ട്രോളുകളും ഏറ്റുവാങ്ങി നവമാധ്യമ ശരശയ്യയില്‍ കിടന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നെങ്കില്‍, പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തപ്പോള്‍ ഇ.പി ആയിരുന്നു ട്രോളര്‍മാരുടെ ഉറ്റതോഴന്‍. സോഷ്യല്‍ മീഡിയയില്‍ ചിരിയുടെ ജയരാജയുഗം അദ്ദേഹം തുടങ്ങുന്നത് ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മരണത്തോടെയാണ്.

പുതിയ കായിക മന്ത്രിയല്ലേ, മുഹമ്മദലിയെക്കുറിച്ചു ജയരാജന് എന്താണു പറയാനുള്ളതെന്നു ചോദിച്ചറിയാന്‍ ഒരു ദൃശ്യമാധ്യമത്തില്‍നിന്ന് അദ്ദേഹത്തെ ഫോണില്‍ വിളിച്ചു; ചുരുങ്ങിയ വാക്കുകളില്‍ മുഹമ്മദലിയെ മന്ത്രി അനുസ്മരിക്കുകയും ചെയ്തു. എന്നാല്‍, ബോക്‌സിംഗ് ഇതിഹാസത്തെ ഓര്‍ത്തെടുത്ത മന്ത്രി അദ്ദേഹത്തെ കായികകേരളത്തിന്റെ മണിമുത്താക്കി. കേരളത്തിനുവേണ്ടി സ്വര്‍ണ മെഡല്‍ നേടിയ മുഹമ്മദലിയുടെ മരണം തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞുവച്ചു.

അന്നു തുടങ്ങിയതാണ് സോഷ്യല്‍ മീഡിയയില്‍ ജയരാജന്‍ ട്രോളുകളുടെ പൊങ്കാല. ഏതു വിഷയത്തിലും അദ്ദേഹത്തെക്കൊണ്ട് ട്രോളര്‍മാര്‍ അഭിപ്രായം പറയിക്കും. അമേരിക്കക്കാരന്‍ മുഹമ്മദലിയുടെ മൃതദേഹം കേരളത്തിലെത്തിച്ച് സര്‍ക്കാര്‍ ബഹുമതികളോടെ സംസ്കരിക്കുമെന്നു ഫേസ്ബുക്കിലെ ഇ.പിയെക്കൊണ്ട് അവര്‍ പറയിച്ചു. കേളപ്പനാശാന്റെ കളരിയില്‍ കരാട്ടെ പഠിച്ചതു താനും ബ്രൂസ്‌ലിയും ഒന്നിച്ചായിരുന്നു, അതൊക്കെ ഒരു കാലം എന്നു ചിന്തിക്കുന്ന ജയരാജന്‍ ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ ഒഴുകിനടന്നു. മുഖ്യമന്ത്രിയെ കാണാന്‍ കേരളത്തില്‍ എത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ മുഖത്തു നോക്കി ഹൃത്വിക് റോഷന്‍ അല്ലേ എന്നു ചോദിക്കുന്ന ഇ.പിയും, അല്ല താന്‍ അമിതാഭ് ബച്ചനാണെന്നു മറുപടി നല്‍കുന്ന സച്ചിനും നവമാധ്യമങ്ങളില്‍ ചിരിപടര്‍ത്തി.

മന്ത്രിയായ ഇ.പി. ജയരാജനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ ജയരാജനു സെല്‍ഫ് ഗോളുകളായിരുന്നു. ഒളിമ്പിക്‌സിനു ബ്രസീലില്‍ കൊടിയേറിയപ്പോള്‍ ട്രോളര്‍മാരുടെ പ്രതീക്ഷ മുഴുവന്‍ ഇ.പിയിലായിരുന്നു. അദ്ദേഹം കരുതലോടെ നീങ്ങിയെങ്കിലും ട്രോളുകള്‍ വന്നുകൊണ്ടേയിരുന്നു. പി.വി. സിന്ധു ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടിയപ്പോള്‍, കണ്ണൂരിലെ ഒരു പാര്‍ട്ടി കുടുംബത്തില്‍നിന്നു കഷ്ടപ്പാടുകള്‍ തരണം ചെയ്തു വിജയിച്ചുവന്ന സിന്ധുവിനെ ആര്‍ക്കാണ് അറിയാത്തതെന്ന് ഇ.പി ട്രോള്‍. ഇന്ത്യക്കു ലഭിച്ച മെഡലുകളുടെ എണ്ണം കൂട്ടിയതും ദിപ കര്‍മാക്കറിന്റെ പേരില്‍ നാക്ക് ഉളുക്കിയ വീഡിയോയും നവമാധ്യമങ്ങളില്‍ പറന്നുനടന്നു.

10 8 7 6 5 4 0 1 3

Related posts