തിരുവനന്തപുരം: ന്യൂഡൽഹിയിൽ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇന്ന് ഇ .പി ജയരാജനെതിരായ ആരോപണം ചർച്ചയായേക്കും.
പിബിയിൽ ഈ വിഷയം ആരെങ്കിലും ഉന്നയിച്ചാൽ സംസ്ഥാന സെക്രട്ടറിയിൽ നിന്നും വിശദാംശങ്ങൾ തേടും. ആരോപണത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്ന് നേരത്തെ നേതാക്കള്‍ അറിയിച്ചിരുന്നു.
ഇതു സംബന്ധിച്ച് പിബിയിൽ വിശദമായ ചർച്ച വേണ്ട എന്ന അഭിപ്രായത്തിലാണ് സംസ്ഥാന നേതാക്കൾ.ഇ.പി.ജയരാജൻ വിഷയം മാധ്യമ സൃഷ്ടിയാണെന്നും പിബി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
കേരളത്തിലെ വിഷയങ്ങളിലും ചർച്ചയുണ്ടെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞ ശേഷമാണ് എംവി ഗോവിന്ദൻ്റെ ഈ വിശദീകരണം.
അതേസമയം പിബി യോഗത്തില്‍ പങ്കെടുക്കുന്ന പിണറായി വിജയന്റെ നിലപാട് പ്രധാനമാണ്. പാർട്ടിക്കുള്ളിൽ മാത്രം ചർച്ചയാകേണ്ട വിഷയം പൊതുജനത്തിനു മുന്‍പാകെ ചർച്ച ചെയ്യപ്പെട്ടതിൽ പിണറായി വിജയന് കടുത്ത അതൃപ്തിയുണ്ട്.
പി ബി യോഗത്തിന് മുന്നോടിയായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തിരുന്നു.
പിബി യോഗത്തിന്റെ നിലപാട് അനുസരിച്ചായിരിക്കും വെള്ളിയാഴ്ച്ച നടക്കുന്ന സംസ്ഥാന സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യുക.
അതിനു ശേഷമാകും ആരോപണത്തില്‍ അന്വേഷണം ആവശ്യമാണോയെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുക്കുക. അതേസമയം പി.ജയരാജന്റെ ആരോപണത്തില്‍ ഇ.പി.ജയരാജനും ഇതുവരെ പ്രതികരിച്ചിട്ടില്ല.
പൊളിറ്റ് ബ്യൂറോയുടെ അജണ്ടയിൽ ഇ.പി.ജയരാജൻ വിഷയം ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും വിവാദമായി മാറിയ സാഹചര്യത്തിൽ ഇത് ചർച്ച ചെയ്യെണ്ടി വന്നേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
കണ്ണൂരിലെ ആയുര്‍വേദ റിസോർട്ടിന്റെ മറവിൽ ഇ.പി.ജയരാജന് അനധികൃതമായി സ്വത്ത് സന്പാദിച്ചുവെന്നായിരുന്നു പി.ജയരാജന്റെ ആരോപണം. ആരോപണം നിഷേധിച്ച് ഇ പി ജയരാജന് രംഗത്തെത്തുകയും ചെയ്തിരുന്നു.