ബന്ധുനിയമന കേസില്‍ മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ ജയരാജനെതിരെ പടയൊരുക്കം ആരംഭിച്ചു. മലബാറില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ ജയരാജന് ഏറെ സ്വാധീനമുള്ള മേഖലകളില്‍നിന്നു പോലും എതിര്‍പ്പുകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ബ്രാഞ്ച് കമ്മിറ്റി മുതല്‍ മുകളിലേക്ക് ജയരാജണ്ടെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ഇതിനോടകം തന്നെ ഉന്നയിച്ചിട്ടുണ്ട്. തന്റെ വലംകൈ ആയ ജയരാജനെ പിണറായി വിജയന് പോലും കൈവിട്ടതോടെയാണ് ജയരാജനെതിരെ പാര്‍ട്ടിയില്‍ നിന്നും എതിര് ശബ്ദങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയത്. എന്നാല്‍ ബന്ധുനിയമന കേസില്‍ എഫ്ഐആര്കൂടി വന്നതോടെ ജയരാജനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യംവരെ മലബാറിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ പ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്നു.
കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയെ അഴിമതിയില്‍ മുക്കാന്‍ ശ്രമിച്ച നേതാവിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തിയാല്‍ മാത്രം പ്രശ്നം തീരില്ലെന്നും ജനങ്ങള്‍ക്ക് സിപിഎമ്മിലുള്ള വിശ്വാസം നഷ്ടമാകുമെന്നും ഇക്കൂട്ടര്‍ പറയുന്നു. നിലവില്‍ ജയരാജനെ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് തരം താഴ്ത്താനാണ് സാധ്യത. ഇതുകൊണ്ടുമാത്രം അഴിമതിക്കറ മാറില്ലെന്നാണ് പാര്‍ട്ടിയിലെ മറുവിഭാഗം പറയുന്നത്. ജയരാജന്വിഷയം വന്നതോടെ പാര്‍ട്ടിയില്‍ നിര്‍ജീവമായിരുന്ന ചെറിയ വിഭാഗം വിഎസ് പക്ഷക്കാരും ഔദ്യോഗിക പക്ഷത്തിണ്ടെതിരെ ആഞ്ഞടിച്ചു തുടങ്ങിയിട്ടുണ്ട്. സിപിഎം എന്ന പാര്‍ട്ടി തൊഴിലാളികളോട് സ്നേഹമില്ലാത്ത നേതാക്കളെ വച്ച് പൊറുപ്പിക്കരുതെന്നാണ് വിഎസ് പക്ഷക്കാരുടെ അഭിപ്രായം. ഇതിനായി ഇവര്‍ രഹസ്യ പ്രചാരണങ്ങളും നടത്തുന്നുണ്ട്. നേതാക്കളല്ല പാര്‍ട്ടിയാണ് വലുതെന്ന് പണ്ട് പിണറായി പക്ഷക്കാര്‍ പറഞ്ഞ അതേ വാക്കുകള്‍ ഉപയോഗിച്ചാണ് വിഎസ് അനുകൂലികള്‍ ഇപ്പോള്‍ ഇ.പി.ക്കെതിരെ പട നയിക്കുന്നത്.
പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കുന്ന ഏത് നേതാവിനെതിരെയും മാതൃകാപരമായി നടപടി സ്വീകരിച്ചാല്‍ മാത്രമേ ജനങ്ങള്‍ കൂടെ നില്‍ക്കുകയുള്ളൂവെന്നും ഇക്കൂട്ടര്‍ വിലയിരുത്തുന്നു. ഉപജീവനത്തിനായി കഷ്ടപ്പെടുന്ന നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലയില്‍ തന്നെയുള്ളപ്പോള്‍ സ്വന്തം ബന്ധുക്കളെ ജോലിയില്‍ നിയമിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. പാര്‍ട്ടിയോടും ജനങ്ങളോടും ഒരു പോലെ വഞ്ചന കാണിച്ച നേതാവിനെ സിപിഎം സംരക്ഷിക്കുന്നത് ധാര്‍മികതയല്ലെന്നും ഇക്കൂട്ടര്‍ പറയുന്നു. യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ധാര്‍മികതയുടെ പേരില്‍ കോലാഹാലമുണ്ടാക്കിയ സിപിഎം സ്വന്തം ധാര്‍മികത കാണിക്കണമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം രഹസ്യമായി പറയുന്നുണ്ട്. നേരത്തെ ബന്ധു നിയമന വിഷയത്തില്‍ മന്ത്രി സ്ഥാനം രാജി വച്ചപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ ഒരു വിഭാഗം ജയരാജനെ കൈവിട്ടിരുന്നു. പിണറായി വിഭാഗത്തിന്റെ ശക്തനായ നേതാവ് എന്ന നിലയില്‍ ജയരാജന് മലബാറില്‍ വലിയ ജനപിന്തുണയാണുണ്ടായിരുന്നത്.