തിരുവനന്തപുരം: വ്യവസായമന്ത്രി ഇ.പി. ജയരാജന് കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ജയരാജനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ജയരാജൻ. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുത്തശേഷമായിരുന്ന തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിക്കുന്നത്.
ഇതിനു പിന്നാലെ മുഖ്യമന്ത്രിയും ജയരാജനും ഉൾപ്പെടെ ആറ് മന്ത്രിമാർ നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിലായിരുന്നു ജയരാജൻ.
തോമസ് ഐസക് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശോധനാഫലം നെഗറ്റീവായി. മുഖ്യമന്ത്രിക്ക് ഇത് രണ്ടാമത്തെ തവണയാണ് കോവിഡ് പരിശോധന നടത്തുന്നത്.
നേരത്തെ, കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ച് വന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു.