കോട്ടയം: ഇപിഎഫ് സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുമെന്നു കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ വി.പി. ജോയി. ഇതോടെ ഇപിഎഫ് പണമടക്കുന്നതുൾപ്പെടെയുള്ള സേവനം ഓഫീസിൽ പോകാതെതന്നെ ലഭ്യമാകും. മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ അക്കൗണ്ട് വിവരങ്ങൾ അറിയാൻ കഴിയുന്ന മൊബൈൽ ആപ് ഉടൻ നടപ്പിലാക്കും.
ബാങ്ക് വായ്പ
സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്ന രീതി പൂർണമായും ഓഴിവാക്കും. തൊഴിലാളി സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒറ്റ ഫോമിൽതന്നെ എല്ലാ സേവനങ്ങളും നടപ്പാക്കി. ഭവനനിർമാണ ഫണ്ട് വിതരണത്തിനു തൊഴിലാളികളുടെ സൊസൈറ്റി രൂപീകരിച്ച് പിഎംഎവൈ ആനുകൂല്യം ലഭ്യമാക്കി കുറഞ്ഞ പലിശനിരക്കിൽ ബാങ്കുവായ്പ ലഭ്യമാക്കും. ഇതിനായി ഹഡ്കോയുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്.
സാധാരണക്കാരും ഇടത്തരക്കാരുമായ തൊഴിലാളികളെ ലക്ഷ്യമിട്ടാണു ഭവനനിർമാണ ഫണ്ട് പദ്ധതി നടപ്പാക്കുന്നത്. ഇഎസ്ഐ പദ്ധതിയുമായി ചേർന്നു പെൻഷൻകാർക്കു മെഡിക്കൽ ഇൻഷ്വറൻസ് സ്കീം നടപ്പാക്കും. കേന്ദ്രസർക്കാരും ഗുണഭോക്താക്കളും സംയുക്ത വിഹിതം അടച്ചാണു പദ്ധതി. മരണ ഇൻഷ്വറൻസ് കുറഞ്ഞത് രണ്ടര ലക്ഷമാക്കും. രാജ്യത്തെ സംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികളെയും ഇപിഎഫ് പരിധിയിൽ കൊണ്ടുവരാൻ നടപടിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ അംഗങ്ങൾക്ക് തൊഴിലുടമയുടെ വിഹിതത്തിന്റെ 8.33 ശതമാനം തുക സർക്കാർ നിക്ഷേപിക്കും.
പുതിയ അംഗങ്ങൾ
ഒരു കോടി പുതിയ അംഗങ്ങളെ ചേർക്കുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന ബോധവത്കരണപരിപാടി 30ന് സമാപിക്കും. കഴിഞ്ഞ ഡിസംബർ വരെ രാജ്യവ്യാപകമായി 3.86 കോടി തൊഴിലാളികളാണ് ഇപിഎഫിൽ അംഗങ്ങളായിട്ടുണ്ടായിരുന്നത്. ജനുവരി ഒന്നു മുതൽ ഏപ്രിൽ 26 വരെ 80 ലക്ഷം പുതിയ അംഗങ്ങളെ ഇപിഎഫിൽ ചേർക്കാനായി. കേരളത്തിൽ 16.5 ലക്ഷം അംഗങ്ങളുണ്ട്. വിഹിതം അടക്കുന്നതിലുള്ള വീഴ്ച എല്ലാമാസവും പരിശോധിക്കും. പ്രത്യേക പരാതിയുണ്ടെങ്കിൽ നടപടി സ്വീകരിക്കും.
പെൻഷൻ
1995 മുതൽ 2000 വരെയുള്ള ഇപിഎഫ് പെൻഷൻ ലഭിക്കുന്നതിനു തൊഴിലാളികളുടെ കൈവശമുള്ള പണമടച്ചരേഖകൾ ഹാജരാക്കണം. തൊഴിലാളികളെ നിർബന്ധപൂർവം ഇപിഎഫിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ഉടമകൾക്കെതിരെ നടപടി സ്വീകരിക്കും. സമയബന്ധിതമായി വിഹിതം അടയ്ക്കാത്തവരെ ബോധവത്ക്കരിക്കാൻ റിയൽ ടൈം ഡിഫോൾട്ട് മാനേജ്മെന്റ് നടപ്പാക്കിവരുന്നു.
എല്ലാമാസവും 15-ാം തീയതിവരെ വിഹിതം അടയ്ക്കാത്തവരെ അറിയിക്കുകയും തുടർനടപടി സ്വീകരിക്കുകയുമാണു റിയൽ ടൈം ഡിഫോൾട്ട് മാനേജ്മെന്റ് വഴി ഉദ്ദേശിക്കുന്നത്. വിരമിക്കുന്ന ദിവസം ഇപിഎഫ് ഫണ്ട് ലഭിക്കുന്ന പദ്ധതിയും നടപ്പാക്കികഴിഞ്ഞു. അതിനായി വിരമിക്കുന്ന മാസത്തെ വിഹിതം ആമാസം ആദ്യം അടയ്ക്കുകയും അതിനു മുന്പുതന്നെ ഈ വിവരം പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ അറിയിച്ചാൽ വിരമിക്കുന്ന ദിവസം ഫണ്ട് ലഭിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.