മുംബൈ: ജോലിയിൽ അല്ലാത്ത കാലത്ത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി നൽകണം എന്ന വ്യവസ്ഥ ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണൽ ശരിവച്ചു. ബംഗളൂരു ബെഞ്ചിന്റേതാണു വിധി.
ജോലിയിലുള്ള കാലത്തു നിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്കു നികുതിയില്ല. പെൻഷൻപ്രായമായി റിട്ടയർ ചെയ്താൽ അന്നു മുതൽ മൂന്നു വർഷത്തേക്ക് ഇപിഎഫ് അക്കൗണ്ട് പ്രവർത്തനരഹിതം (ഇൻ ഓപ്പറേറ്റീവ്) ആയി കണക്കാക്കും. അപ്പോൾ പലിശ നല്കില്ല. രാജിവച്ചോ ഡിസ്മിസ് ചെയ്യപ്പെട്ടോ പണി ഇല്ലാതായാൽ ഇപിഎഫ് അക്കൗണ്ട് പ്രവർത്തനമുള്ളതായിട്ടേ കണക്കാക്കൂ.
നിക്ഷേപിക്കുന്നില്ലെങ്കിലും ഉള്ള നിക്ഷേപത്തിനു പലിശ നല്കും. പിൻവലിക്കാൻ അപേക്ഷിക്കുന്നതുവരെ ഇതു തുടരും. ഇങ്ങനെ ലഭിക്കുന്ന പലിശയ്ക്കാണു നികുതി ബാധകം. വളരെ വലിയ തുക നിക്ഷേപമില്ലാത്തവർക്കും വേറെ വലിയ വരുമാനമില്ലാത്തവർക്കും ഇതിന്റെ പേരിൽ നികുതി അടയ്ക്കേണ്ടിവരില്ല. നിയമപ്രകാരമുള്ള പരിധിക്കു മുകളിൽ പലിശ ലഭിച്ചാലേ നികുതി അടയ്ക്കേണ്ടിവരൂ. ഏതു വർഷമാണോ പലിശ വരവുവച്ചത് ആ വർഷമാണു നികുതിബാധ്യത വരുന്നത്.