താൽക്കാലികമായി കുറച്ചുനേരം ബോധക്ഷയം ഉണ്ടാകുന്ന അവസ്ഥകളെല്ലാം അപസ്മാരം ആയിരിക്കുകയില്ല. അപസ്മാര ബാധ അനുഭവിക്കുന്നതും അടുത്തുനിന്ന് നേരിട്ട് കാണുന്നതും ഭയം തോന്നിക്കുന്ന അനുഭവം ആയിരിക്കും.
വളരെയധികം ദാരുണമായ ഒന്നായിരിക്കും അത്. പ്രത്യേകിച്ച് ശരീരത്തിലെ പേശികളിൽ സംഭവിക്കുന്ന കോച്ചിവലി. മുൻകാലങ്ങളിൽ അപസ്മാരത്തെ പലരും ഒരു മാനസിക രോഗമായി കണക്കാക്കിയിരുന്നു. ഇപ്പോഴും അങ്ങനെ കാണുന്നവരുണ്ടാവാം.
ഒരു കുടുംബത്തിൽ ആർക്കെങ്കിലും അപസ്മാരം ഉണ്ട് എങ്കിൽ അത് പുറത്ത് ആരും അറിയാതെ രഹസ്യമായി സൂക്ഷിക്കാനാണ് കൂടുതൽ പേരും ശ്രമിക്കാറുള്ളത്. ശരിയായ രീതിയിലുള്ള ചികിത്സയും മനശ്ശാസ്ത്ര സമീപനവും ലഭിക്കുന്നതിന് ഇത് തടസമാകാറുമുണ്ട്.
പകരില്ല
അപസ്മാരം പാരമ്പര്യമായി ഉണ്ടാകുന്ന ഒരു രോഗം ആണെന്ന് വിശ്വസിക്കുന്നവർ ഉണ്ട്. ഇത് പകരുന്ന ഒരു രോഗമാണ് എന്നുപോലും വിശ്വസിച്ചവർ ഉണ്ടായിരുന്നു. ഇത് സുഖപ്പെടുത്താൻ കഴിയാത്ത രോഗമാണെന്നു വിശ്വസിക്കുന്നവരെ ഇപ്പോഴും ചിലപ്പോൾ കാണാൻ കഴിഞ്ഞെന്നും വരാം.
അപസ്മാരം ഒരാളിൽ നിന്നു വേറെ ഒരാളിലേക്കു പകരുകയില്ല. ഡോക്ടറുടെ നിർദേശങ്ങൾ മുഴുവനും അനുസരിക്കുകയും മരുന്നുകൾ കൃത്യമായി കഴിക്കുകയും ചെയ്യുന്നതിലൂടെ ബഹുഭൂരിപക്ഷം പേരിലും രോഗവിമുക്തി സാധ്യമാകും.
മാനസികരോഗമല്ല
ചികിത്സയോടൊപ്പം മനശ്ശാസ്ത്ര സമീപനം കൂടി ആവശ്യമാണ്. ശാസ്ത്രം ഇത്രയേറെ മുന്നോട്ട് സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ് എങ്കിലും ഇപ്പോഴും പലരും അപസ്മാര ചികിത്സയുടെ ഭാഗമായി ജോത്സ്യന്മാരേയും മന്ത്രവാദികളേയും മറ്റും കാണാറുണ്ട് എന്ന് പലപ്പോഴും കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്.
അപസ്മാരം, തലച്ചോറിന്റെ ഒരു പ്രശ്നമാണ്. അത് ഒരു മാനസിക രോഗമല്ല. ഏതെങ്കിലും അമാനുഷിക ശക്തികളുടേയോ ഭൂതപ്രേത പിശാചുക്കളുടേയോ ബാധയും അല്ല.
മറച്ചുവയ്ക്കേണ്ട കാര്യമില്ല
അപസ്മാരം ഉണ്ടാകുമ്പോൾ പലരും പല രീതിയിലുള്ള നാട്ടറിവുകൾ ചെയ്ത് നോക്കാറുണ്ട്. ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ താക്കോൽ കൈയിൽ പിടിപ്പിക്കുകയാണ് അവയിൽ പ്രധാനപ്പെട്ടത്.
അപസ്മാരത്തിന്റെ ഭാഗമായി പേശികളിൽ ഉണ്ടാകുന്ന കോച്ചിവലികൾ ഏതാനും മിനിറ്റുകൾ മാത്രമേ കാണുകയുള്ളൂ. അതിനുശേഷം അവർക്ക് ബോധം തെളിയും.
അപസ്മാരം ഒരു മാനസിക രോഗമാണ് എന്ന വിശ്വാസം ഇപ്പോഴും പലരിലും ഉള്ളതിനാൽ രോഗികളും അവരുടെ കുടുംബാംഗങ്ങളും ഈ രോഗം മറ്റുള്ളവർ അറിയാതിരിക്കാൻ മറച്ച് വെയ്ക്കാറുണ്ട്. (തുടരും) ആരോഗ്യജീവിതം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393