കൊച്ചി: അസ്വസ്ഥതകളോ മോഹാലസ്യമോ ഇല്ലാതെ ഏഴുവര്‍ഷത്തിന് ശേഷം അഭിനാഥ് ഭക്ഷണം കഴിച്ചു, ഒരുവട്ടമല്ല വിശന്നപ്പോഴെല്ലാം. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയ വിജയിച്ചതോടെയാണ് കണ്ണൂര്‍ സ്വദേശിയായ 22കാരന് അഭിനാഥ് സാധാരണ ജിവീതത്തിലേക്ക് മടങ്ങിയെത്തയത്.
പത്താം ക്ലാസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് അഭിനാഥിന് അപൂര്‍വമായ “റിഫ്ളക്സ് ഈറ്റിംഗ് എപ്പിലെപ്സി’ എന്ന അപസ്മാര രോഗം പിടിപ്പെട്ടത്. ആഹാരം വായില്‍ വയ്ക്കുമ്പോള്‍ മുഖം ഒരുവശത്തേക്ക് പോവുകയും ഉടന്‍ തന്നെ മോഹാലസ്യപ്പെടുകയും ചെയ്യുന്ന അവസ്ഥ.
ഇതോടെ സമയാസമയത്തുള്ള ഭക്ഷണം കഴിപ്പ് മുടങ്ങി. മാതാപിതാക്കളായ സജാദും രജനിയും ഏകമകനായ അഭിനാഥിനെയും കൊണ്ട് പല ആശുപത്രികളും കയറിയിറങ്ങിയെങ്കിലും ആജീവനാന്തം മരുന്ന് കഴിക്കേണ്ട വരുമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.
ഇതിനിടെയാണ് കുടുംബം കഴിഞ്ഞ ജനുവരിയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാര്‍ച്ച് 28ന് ശസ്ത്രക്രിയയിലൂടെ ഭക്ഷണം മൂലമുള്ള അപസ്മാരത്തിന് പരിഹാരം കാണുകയായിരുന്നു.
ബ്രെയിന്‍ മാപ്പിംഗിലൂടെയാണ് അതിസൂക്ഷ്മ ശസ്ത്രക്രിയ നടത്തി ഒരു അവയവത്തിനും കേടുപാട് സംഭവിക്കാതെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ന്യൂറോളജിസ്റ്റ് ആന്‍ഡ് എപിലെപ്റ്റോളജിസ്റ്റ് ഡോ. പി. ചന്ദു, എപ്പിലെപ്സി സര്ജന് ഡോ. നിഹാല്‍ അഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ നീണ്ടതായിരുന്നു ശസ്ത്രക്രിയ.
ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന അഭിനാഥിന് ആറു മാസത്തെ തുടര്‍ ചികിത്സയും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യം വിണ്ടെടുത്ത ശേഷം ഇഷ്ടവിനോദമായ ഫുട്ബോളിലും തിളങ്ങാമെന്ന പ്രതീക്ഷയിലാണ് അഭിനാഥ് .
“റിഫ്ളക്സ് ഈറ്റിംഗ് എപ്പിലെപ്സി’
ആഹാരം വായില്‍വയ്ക്കുമ്പോള്‍ മോഹാലസ്യപ്പെടുന്ന അത്യന്തം അപൂര്‍വമായ അപസ്മാരമാണ് റിഫ്ളക്സ് ഈറ്റിംഗ് എപ്പിലെപ്സി. ലോകത്ത് ചുരുക്കം ചിലരിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.