കണ്ണൂര്‍: ചേലക്കര, വയനാട് മണ്ഡലങ്ങളിൽ വോട്ടിംഗ് പുരോഗമിക്കവെ പാര്‍ട്ടിയെ വെട്ടിലാക്കി സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥ. “കട്ടന്‍ചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ നിരവധി തുറന്നുപറച്ചിലുകളാണുള്ളത്. പുറത്തുവന്ന ആത്മകഥാംശങ്ങള്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.
പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിന് അവസരവാദിയാണെന്ന് പുസ്തകം പറയുന്നു. സ്വതന്ത്രര്‍ വയ്യാവേലി ആകും. ഇഎംഎസ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പി.വി. അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപിയുടെ വിമര്‍ശനം.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും മാറ്റിയതില്‍ തനിക്ക് മനഃപ്രയാസം ഉണ്ടെന്നും പാര്‍ട്ടി തന്നെ മനസിലാക്കിയില്ലെന്നും അദ്ദേഹം പറയുന്നു. പ്രകാശ് ജാവ്ദേക്കര്‍ കൂടിക്കാഴ്ച വിവാദം ആക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം തുറന്നടിക്കുന്നു. തന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്.
ശോഭ സുരേന്ദ്രന് പറഞ്ഞത് പച്ചക്കള്ളം. ശോഭയെ കണ്ടത് ഒരു തവണ മാത്രമാണ്. അതും പൊതുസ്ഥലത്ത് വെച്ചാണെന്നും അദ്ദേഹം പറയുന്നു. മരിക്കുംവരെ സിപിഎം ആയിരിക്കും. പാര്‍ട്ടി വിടുമെന്ന് സ്വപ്നം കണ്ടാല്‍ താന്‍ മരിച്ചു എന്നര്‍ഥമെന്നും അദ്ദേഹം പറയുന്നു.
“കട്ടന്‍ചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിലാണ് ആത്മകഥ പുറത്തിറങ്ങുന്നത്. ഡിസി ബുക്സ് ആണ് പ്രസാധകര്. പുസ്തകത്തിന്റെ കവര്‍പേജ് ഡിസി ബുക്സ് നേരത്തെ പുറത്തിറക്കിയിരുന്നു. പുസ്തകം ഇന്നുമുതല്‍ വായനക്കാര്‍ക്ക് മുന്നിലെത്തുമെന്നാണ് വിവരം.