കണ്ണൂർ: സിപിഎം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ 53-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് നടന്ന അനുസ്മരണ പരിപാടിയിൽ ഇ.പി. ജയരാജൻ പങ്കെടുത്തില്ല.
സിപിഎം ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പിലായിരുന്നു ഇ.പി. ജയരാജൻ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ, അന്തരിച്ച സിപിഎംനേതാവ് എം.എം. ലോറൻസിന്റെ സംസ്കാര ചടങ്ങിലും തുടർന്ന് നടക്കുന്ന അനുസ്മരണ പരിപാടിയിലും പങ്കെടുക്കാനായി ഇ.പി. പോയത് കൊണ്ടാണ് അഴീക്കോടൻ അനുസ്മരണത്തിൽ പങ്കെടുക്കാത്തതെന്നാണ് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിലും ഇ.പി. ജയരാജൻ പങ്കെടുത്തിരുന്നില്ല. അന്ന് ആയുർവേദ ചികിത്സയിലായിരുന്നെന്നായിരുന്നു വിശദീകരണം. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റിയതിനുശേഷം സിപിഎം സംഘടിപ്പിച്ച ഔദ്യോഗിക പരിപാടികളിലൊന്നും ഇ.പി. ജയരാജൻ പങ്കെടുത്തിരുന്നില്ല.