കണ്ണൂർ: കോൺഗ്രസ് നേതാവ് സാമൂഹ്യ മാധ്യമത്തിൽ വ്യക്തിഹത്യ നടത്തിയെന്ന എൽഡിഎഫ് സംസ്ഥാന കൺവീനർ ഇ.പി. ജയരാജന്റെ ഭാര്യയുടെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു.
കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗവുമായ ജോസഫ് ഡിക്രൂസിനെതിരെയാണ് ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര വളപട്ടണം പോലീസിൽ പരാതി നൽകിയത്.
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനൊപ്പം ഒരു സ്ത്രീ ഇരിക്കുന്ന ഫോട്ടോയിൽ തന്റെ തലപ്പടം മോർഫ് ചെയ്ത് വ്യാജ ഫോട്ടോ ഉണ്ടാക്കി ജെ. മോസസ് ജോസഫ് ഡിക്രൂസ് എന്ന ഫേസ് ബുക്ക് അക്കൗണ്ടിൽ കോൺഗ്രസ് നേതാവ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഇത് സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്തു.
ഇത് തനിക്കും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം കൂടിയായ തന്റെ ഭർത്താവിനും അപകീർത്തിയുണ്ടാക്കുന്നതിന് കരുതിക്കൂട്ടി ചെയ്തതാണെന്നും പരാതിയിൽ പറയുന്നു.