തിരുവനന്തപുരം: പിണറായി വിജയന്റെ എല്ലാ രഹസ്യങ്ങളും അറിയുന്നയാളാണ് ഇ.പി.ജയരാജനെന്നും ഇ.പി.ജയരാജനെതിരെ നടപടി എടുത്താൽ സിപിഎം തകർന്നടിയുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
അതുകൊണ്ട് തന്നെ പാർട്ടി ഒരിക്കലും ഇപിക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഇ.പി.ജയരാജന്റെ ഗൂഢാലോചന പരാതിയിൽ ശോഭ സുരേന്ദ്രനൊപ്പം തന്നെ രണ്ടാം കക്ഷിയാക്കിയതോടെ തന്നെ കേസ് പൊളിഞ്ഞെന്നും ഒരു ബന്ധവും ഇല്ലാത്ത രണ്ട് പേരെ കൂട്ടിക്കെട്ടാൻ ശ്രമിച്ചാൽ ഒരിക്കലും നടക്കില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് ബിജെപിയിലേക്കെന്ന ആരോപണത്തില്‍ തന്റെ കയ്യില്‍ കൂടുതല്‍ തെളിവില്ലെന്ന് കെ.സുധാകരൻ പറഞ്ഞു.
ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് കിട്ടിയ വിവരമാണ് താൻ പറഞ്ഞത്. കടല്‍ കണ്ട തന്നെ കൈത്തോട് കാണിച്ച് പേടിപ്പിക്കരുതെന്നും ഇ.പിയുടെ വക്കീല്‍ നോട്ടിസിന് മറുപടിയായി സുധാകരൻ പറഞ്ഞു.