ലണ്ടന്‍: ഫുട്ബോള്‍ ലീഗുകളിലെ ഗ്ലാമര്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് ഇന്നു കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലെസ്റ്റര്‍ സിറ്റിയും ഏറ്റുമുട്ടും.
യുണൈറ്റഡിന്റെ സ്വന്തം ഓള്‍ഡ് ട്രാഫര്ഡാണ് വേദിയാകുന്നത്. രാത്രി 12.30നാണ് ഉദ്ഘാടന മത്സരം. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായ സ്റ്റോക് സിറ്റി, വെസ്റ്റ് ബ്രോംവിച്ച്, സ്വാന്‍സി സിറ്റി ടീമുകള്‍ രണ്ടാം ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെട്ടപ്പോള്‍ വൂള്‍വര്‍ഹാംടണ്‍ വാണ്ടറേഴ്സ്, കാര്‍ഡിഫ് സിറ്റി, ഫുള്‍ഹാം ടീമുകള്‍ പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തി. ആറു വര്‍ഷങ്ങള്‍ക്കുശേഷമാണ് വൂള്‍വര്‍ഹാംടണ്‍ പ്രീമിയര്‍ ലീഗിലെത്തുന്നത്. കാര്‍ഡിഫും ഫുള്‍ഹാമും നാലു വര്‍ഷത്തിനുശേഷവും.
മാറ്റങ്ങളുമായി ക്ലബ്ബുകള്‍
പല മാറ്റങ്ങളുമായാണ് ഇത്തവണ ലീഗ്. ആഴ്സണലും ചെല്‍സിയും പുതിയ മാനേജര്‍മാര്‍ക്കു കീഴിലിറങ്ങുകയാണ്. 22 വര്‍ഷത്തിനുശേഷം ആഴ്്സീന് വെംഗര്‍ ആഴ്സണിലിന്റെ പരിശീലക സ്ഥാനത്തുനിന്ന് കഴിഞ്ഞ സീസണ് അവസാനം രാജിവച്ചു.
പകരം മുന്‍ സെവിയ്യ, പാരി സാന്‍ ഷെര്‍മയിന്‍ പരിശീലകന് ഉനയ് എംറിയെ പരിശീലകനാക്കി. ലീഗിലെത്തി ആദ്യ സീസണില്‍തന്നെ (2016-17) ചെല്‍സിയെ ചാമ്പ്യന്മാരാക്കിയ ആന്റോണിയോ കോന്റെയും കഴിഞ്ഞ സീസണില്‍ ക്ലബ് വിട്ടു. കഴിഞ്ഞ സീസണില്‍ ടീമിന്റെ മോശം പ്രകടനമാണ് കോന്റെയെ പുറത്താക്കാനിടയാക്കിയത്. പകരം നാപ്പോളി പരിശീലകന് മൗറിസിയോ സാരിയെ സ്്റ്റാംഫര്ഡ് ബ്രിഡ്ജിലെത്തിച്ചു.
പ്രധാന ടീമുകളില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ലെസ്റ്ററില്‍നിന്ന് വിംഗര്‍ റിയാദ് മെഹ്റസിനെ സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ നടക്കാതെ പോയ ട്രാന്‍സ്ഫറാണ് ഇതിലൂടെ പെപ് ഗാര്‍ഡിയോള നടത്തിയത്. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വലിയ കളിക്കാരെ സ്വന്തമാക്കുന്നതില്‍ പിന്നിലായിപ്പോയി.
റിക്കാര്‍ഡ് തുകയ്ക്കു സ്വന്തമാക്കിയ പോള്‍ പോഗ്ബ ബാഴ്സലോണയില്‍ ചേക്കേറാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലെസ്റ്ററില്‍നിന്ന് പ്രതിരോധതാരം ഹാരി മാഗ്വെയറെ ഓള്‍ഡ് ട്രാഫര്ഡിലെത്തിക്കാനുള്ള നീക്കത്തിലാണ് മൗറിഞ്ഞോ. ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ ആദ്യ ആഴ്ചകളില്‍ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫ്രെഡിനെ ഷാക്തര്‍ ഡൊണെറ്റ്സ്കില്നിന്നും പോര്‍ച്ചുഗലിന്റെ അണ്ടര്‍ 21 ഫുള്‍ബാക്ക് ഹൊസെ ഡിയോഗോ ഡാലോട്ടിനെ പോര്‍ട്ടോയില്‍നിന്നും സ്വന്തമാക്കി.
ലിവര്‍പൂള്‍ സജീവമായിട്ടുണ്ടായിരുന്നു. ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ആലീസണ്‍ ബെക്കറെ റോമയില്‍നിന്നു റിക്കാര്‍ഡ് തുകയ്ക്കും മധ്യനിരയിലേക്ക് ലീപ്സിഗില്നിന്ന് നാബി കീറ്റ, മോണക്കോയില്നിന്ന് ഫാബിഞ്ഞോ എന്നിവരെ ആന്‍ഫീല്‍ഡിലെത്തിച്ചു. മുന്നേറ്റനിരയില്‍ സ്റ്റോക് സിറ്റിയില്‍നിന്ന് സ്വിറ്റ്സര്‍ലന്‍ഡ് താരം ജെര്‍ദാന്‍ ഷകീരിയെയും സ്വന്തമാക്കി.
ആഴ്സണല്‍ ഉറുഗ്വെന്‍ മധ്യനിരതാരം ലൂകാസ് ടൊരേയിറയെയും ജര്‍മന്‍ ഗോള്‍കീപ്പര്‍ ബ്രെന്‍ഡ് ലെനോയെയും സ്വന്തമാക്കി. ടോട്ടനം ഇതുവരെ ആരെയും സ്വന്തമാക്കിയിട്ടില്ല. വെസ്റ്റ്ഹാം മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് മാനുവല്‍ പെല്ലെഗ്രിനിയുടെ കീഴിലാണ് ഇറങ്ങുന്നത്. ഫിലിപ്പെ ആന്ഡേഴ്സണ്, ജാക് വില്‍ഷയര്‍ എന്നിവരെ നേടിയെടുക്കാന്‍ പെല്ലെഗ്രിനിക്കായി.
റിക്കാർഡ് തുകയ്ക്ക് കെപ്പെ
ചെല്‍സി ഒരു ഗോള്‍കീപ്പര്‍ക്ക് നല്കാവുന്ന ഏറ്റവും വലിയ റിക്കാര്‍ഡ് തുകയ്ക്ക് അത്ലറ്റിക് ബില്‍ബാവോയില്‍നിന്ന് കെപ്പെ അറിസാബെലാഗയെ സ്വന്തമാക്കി. 23 വയസുള്ള കെപ്പയ്ക്കായി 8 കോടി യൂറോ(636 കോടി രൂപ)ആണ് ചെല്‍സി മുടക്കിയിരിക്കുന്നത്. ആലിസണെ ലിവര്‍പൂള്‍ നേടിയ (6.25 കോടി യൂറോ) തുകയായിരുന്നു ഇതിനുമുമ്പുള്ള റിക്കാര്‍ഡ്.
നാപ്പോളിയില്നിന്ന് മധ്യനിരതാരം ജോര്‍ജിഞ്ഞോയെ നേടിയെടുത്തു. ഇദ്ദേഹം സാരിയുടെ കീഴില്‍ കഴിഞ്ഞ സീസണുകളില്‍ നാപ്പോളിയില്‍ കളിച്ചിരുന്നു. ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍ തിബോ ക്വൂട്ടോയെ ചെല്‍സി റയല്‍ മാഡ്രിഡിനു കൈമാറും.
യുണൈറ്റഡ്-ലെസ്റ്റര്‍
മുന്‍ ചാമ്പ്യമാരായ യുണൈറ്റഡും ലെസ്റ്ററും ജയം തേടിയാണ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്ന യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടിലെ ആദ്യ മത്സരം ജയത്തോടെ തുടങ്ങാനാണ് ഇറങ്ങുന്നത്. 2012-13 സീസണില്‍ സര് അലക്സ് ഫെര്‍ഗുസണിന്റെ വിടവാങ്ങല്‍ സീസണുശേഷം ഓള്‍ഡ് ട്രാഫര്ഡിലേക്കു ലീഗ് കിരീടമെത്തിയിട്ടില്ല. 2015-16 സീസണില്‍ അപ്രതീക്ഷിത കുതിപ്പിലൂടെ കിരീടം നേടിയ ലെസ്റ്ററും ആദ്യ മത്സരം നന്നാക്കാനുള്ള ഒരുക്കത്തിലാണ്.
ഇതില്‍ കരുത്തര്‍ യുണൈറ്റഡ് തന്നെയാണ്. റൊമേലു ലുക്കാക്കു, അലക്സിസ് സാഞ്ചസ്, മാര്‍കസ് റഷ്ഫര്ഡ് എന്നിവര്‍ യുണൈറ്റഡിനെ ശക്തരാക്കുന്നു. എന്നാല്‍ പ്രീ സീസണ് മത്സരങ്ങളില്‍ യുണൈറ്റഡിന് തിളങ്ങാനായില്ല. ചിലിക്ക് ലോകകപ്പിനു യോഗ്യത ലഭിക്കാത്തതുകൊണ്ടു കൂടുതല്‍ അവധി ലഭിച്ച സാഞ്ചസിലാണ് മൗറിഞ്ഞോയുടെ പ്രതീക്ഷകള്‍. ലെസ്റ്ററിനൊപ്പം മാഗ്വെയര്‍, സ്ട്രൈക്കര്‍ ജെയ്മി വാര്‍ഡി എന്നിവര്‍ ഇറങ്ങാന്‍ സാധ്യത കുറവാണ്.