ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫോട്ടോഫിനിഷിൽ. ലീഗിൽ 37 മത്സരങ്ങൾ പൂർത്തിയായപ്പോൾ 95 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. വിട്ടുകൊടുക്കാൻ തയാറല്ലാതെ ലിവർപൂളും പിന്നാലെയുണ്ട്. 37 മത്സരങ്ങളിൽനിന്ന് 94 പോയിന്റാണ് ലിവർപൂളിനുള്ളത്. ഞായറാഴ്ചയാണ് ലീഗിലെ അവസാന പോരാട്ടങ്ങൾ.
അന്ന് 10 മത്സരങ്ങൾ അരങ്ങേറും. മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളി ബ്രിങ്ടണ് ആണ്. സിറ്റിക്ക് എവേ പോരാട്ടമാണ്. അതേസമയം, ലിവർപൂൾ സ്വന്തം തട്ടകത്തിൽ വൂൾവ്സുമായി ഏറ്റുമുട്ടും. സിറ്റിക്കും ലിവർപൂളിനും ജയിച്ചാൽമാത്രം കപ്പ് നേടാൻ സാധിക്കില്ല. അതുകൊണ്ട് സ്വയം ജയിക്കുകയും മറ്റേ ടീം സമനിലയോ തോൽവിയോ വഴങ്ങാൻ പ്രാർഥിക്കുകയും വേണം.
കിരീടത്തിനെന്നപോലെതന്നെ മൂന്നാം സ്ഥാനത്തിനായും ശക്തമായ പോരാട്ടമുണ്ട്. 71 പോയിന്റുമായി ചെൽസിയും 70 പോയിന്റുമായി ടോട്ടനവുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ആഴ്സണൽ (67), മാഞ്ചസ്റ്റർ യുണൈറ്റഡ് (66) എന്നിവർ അഞ്ച്, ആറ് സ്ഥാനങ്ങളിലുമുണ്ട്. ചുരുക്കത്തിൽ ഞായറാഴ്ചത്തെ അവസാന ലീഗ് പോരാട്ടത്തിനുശേഷമേ പ്രീമിയർ ലീഗിലെ ആദ്യ ആറ് സ്ഥാനങ്ങളുടെ പൂർണചിത്രം വ്യക്തമാകൂ.