ഇപിഎല്ലിൽ ഇത്തവണയും കിരീടപോരാട്ടത്തിൽ പ്രമുഖ ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ, ആഴ്സണൽ, ടോട്ടനം ക്ലബ്ബുകൾതന്നെയാണു മുന്നിൽ. എന്നാൽ വൻ പോരാട്ടങ്ങളുടെയും അട്ടിമറികളുടെയും ചരിത്രമുണ്ട് ഇപിഎല്ലിൽ.
കുറെ വർഷങ്ങളായി കിരീട അവകാശികൾ മാറിമാറി വരുന്നുണ്ട്. നിലവിലെ ചാന്പ്യൻമാരായ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്കു ഭീഷണി ഉയർത്താൻ പ്രാപ്തമായ ടീമുമായാണ് ഒലെ ഗണ്ണർ സോൾഷയറുടെ മാഞ്ചസ്റ്റർ യുണൈറ്റഡും തോമസ് ടുഹേലിന്റെ ചെൽസിയും യർഗൻ ക്ലോപ്പിന്റെ ലിവർപൂളും ഇത്തവണ ഇറങ്ങുന്നത്.
നിറംമങ്ങി ലാ ലിഗ
പ്രമുഖ താരങ്ങളെല്ലാം വിടുന്നതോടെ ഇത്തവത്തെ സ്പാനിഷ് ലാ ലിഗയുടെ താരപ്പൊലിമയ്ക്ക് ഇടിവുണ്ടായിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടശേഷം ലയണൽ മെസിയായിരുന്നു ലാ ലിഗയുടെ മുഖം.
മെസി പോയതോടെ ലീഗിന്റെ ശോഭ കെട്ടു. ടെലിവിഷനിൽ മത്സരം കാണുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. കോവിഡ് വരുത്തിവച്ച പ്രതിസന്ധി ലീഗിന്റെ സാന്പത്തിക അടിത്തറതന്നെ ഇളക്കിയിരിക്കുകയാണ്.
കഴിഞ്ഞ സീസണ് വരെ എൽക്ലാസിക്കോയുടെ മുഖങ്ങളായിരുന്ന മെസിയും റാമോസും സ്പെയിൻ വിട്ടതോടെ ബാഴ്സലോണ-റയൽ മാഡ്രിഡ് പോരാട്ടങ്ങളുടെ വീര്യം കുറയും. പ്രമുഖ താരങ്ങളില്ലാത്ത ഒരു ലീഗായി മാറിയിരിക്കുകയാണു സ്പാനിഷ് ലീഗിപ്പോൾ. എംബാപ്പെയെ എത്തിക്കാനുള്ള റയൽ മാഡ്രിഡിന്റെ ശ്രമങ്ങൾ വിജയിച്ചിട്ടില്ല.
റയലിന്റെ പരിശീലകസ്ഥാനത്തുനിന്നു സിനദിൻ സിദാൻ മാറിയതോടെ ആ മൂല്യവും ക്ലബ്ബിന് ഇടിഞ്ഞു. ലീഗിൽ നിലവിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലാത്തത് റയലിന്റെയും ബാഴ്സയുടെയും പ്രധാന എതിരാളിയായ അത്ലറ്റിക്കോ മാഡ്രിഡിനു മാത്രമാണ്.
യുവതാരങ്ങൾക്കൊപ്പം പരിചയസന്പന്നരിലുമാണു റയലിന്റെയും ബാഴ്സയുടെയും ഇത്തവണത്തെ പ്രതീക്ഷകൾ. അത്ലറ്റിക്കോ മാഡ്രിഡിൽനിന്നു കിരീടം പിടിക്കുകയാണ് ഇരു ടീമിന്റെയും ലക്ഷ്യം. സെവിയ്യ, വലൻസിയ ക്ലബ്ബുകളെയും എഴുതിത്തള്ളാനാവില്ല.
ജർമനിയിൽ അട്ടിമറിയുണ്ടാകുമോ?
കഴിഞ്ഞ ഒന്‍പത് സീസണിലും കിരീടം വിട്ടുകൊടുക്കാതെ നിലനിർത്തുന്ന ബയേണ്‍ മ്യൂണിക്കിന്റെ അപ്രമാദിത്വത്തിന് അവസാനമാകുമോയെന്നാണ് ഈ സീസണ് നോക്കുന്നത്. വലിയ പൊളിച്ചെഴുത്തുമായാണ് ബയേണ്‍ ഇത്തവണ എത്തുന്നത്.
ക്ലബ്ബിൽ നിന്ന കാലത്ത് കിരീടങ്ങൾ വാരിക്കൂട്ടിയ പരിശീലകൻ ഹാൻസി ഫ്ളിക്കിനു പകരമെത്തിയ ജൂലിയൻ നാഗൽസ്മാന്റെ കീഴിൽ അത്ര നല്ല തുടക്കമിടാൻ ബയേണിനായിട്ടില്ല. പ്രീ സീസണ് മത്സരങ്ങളിൽ മൂന്നും തോറ്റു.
പ്രതിരോധത്തിലെ വിശ്വസ്തരായിരുന്ന ഡേവിഡ് അലാബ, ജെറോം ബോട്ടെംഗ്, ജാവി മാർട്ടിനെസ് എന്നിവർ ക്ലബ്ബുവിട്ടതും തിരിച്ചടിയായിരിക്കുകയാണ്. ബയേണിന്റെ കുത്തകയ്ക്ക് ഇളക്കം വരുത്താമെന്ന പ്രതീക്ഷയിലാണു ലൈപ്സിഗും ബൊറൂസിയ ഡോർട്മുണ്ടും. കഴിഞ്ഞ സീസണുകളിൽ ബയേണിനു വലിയ വെല്ലുവിളി ഉയർത്തിയ ക്ലബ്ബുകളും ഇവ രണ്ടുമായിരുന്നു.
താരസന്പന്നം പിഎസ്ജി
ബാഴ്സലോണയിൽനിന്നു പാരി സാൻ ഷെർമയിനിലെത്തിയ ലയണൽ മെസിയുടെ അരങ്ങേറ്റത്തിനു കാത്തിരിക്കേണ്ടിവന്നേക്കും. കോപ്പ അമേരിക്ക കിരീടം നേടിയശേഷം മെസി ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല.
ഒരു മാസത്തിലേറെയായി കളം വിട്ടുനിൽക്കുന്ന മെസിക്ക് വൻ മത്സരങ്ങൾക്കായി ശരീരം പാകപ്പെടുത്താൻ ഇനിയും രണ്ടുമൂന്ന് ആഴ്ചയെങ്കിലും വേണ്ടിവരും. ഇങ്ങനെ വന്നാൽ റൈംസിനെ നേരിടുന്ന മത്സരത്തിനു മുന്‍പ് മെസി കളത്തിലിറങ്ങിയേക്കില്ല. ചിലപ്പോൾ സെപ്റ്റംബറിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുശേഷമോ പിഎസ്ജിക്കായി ഇറങ്ങാനും സാധ്യതയുണ്ട്.
പിഎസ്ജി ടീം അംഗങ്ങൾക്കൊപ്പം മെസി പരിശീലനത്തിനിറങ്ങിയിരുന്നു. ഫ്രഞ്ച് ലീഗ് വണ്ണിനു കഴിഞ്ഞയാഴ്ച തുടക്കമായിരുന്നു. ടീമുകളെല്ലാം ഓരോ മത്സരം പൂർത്തിയാക്കുകയും ചെയ്തു. പിഎസ്ജി ആദ്യ മത്സരത്തിൽ ട്രോയിസിനെ പരാജയപ്പെടുത്തുകയും ചെയ്തു.
മെസി എത്തിയതുകൊണ്ട് ലീഗ് വണ്‍ കിരീടം അനായാസം നേടുമെന്നു കരുതേണ്ടെന്നു മോണക്കോയുടെ താരം സെസ് ഫാബ്രിഗസ് പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി കടുത്തപോരാട്ടമാണ് ലീഗിൽ നടക്കുന്നതെന്നു ഫാബ്രിഗസ് കൂട്ടിച്ചേർത്തു. ബാഴ്സലോണയിൽ ഫാബ്രിഗസും മെസിയും സഹതാരങ്ങളായിരുന്നു.
യുവന്റസിനെ രക്ഷിക്കാൻ അല്ലെഗ്രി
കഴിഞ്ഞ സീസണിൽ നിറംമങ്ങിപ്പോയ യുവന്റസ് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ട് തന്നെ യുവന്റസ് മാസിമില്യാനോ അല്ലെഗ്രിയെ വീണ്ടും പരിശീലകസ്ഥാനത്ത് കൊണ്ടുവന്നു. വൻ താരങ്ങളെയൊന്നും കൊണ്ടുവരാതെ കഴിഞ്ഞ സീസണിലെ താരങ്ങളെ പലരെയും നിലനിർത്തിക്കൊണ്ടാണ് യുവന്റസ് പുതിയ സീസണ് ഒരുങ്ങുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളടി മികവിലാണ് യുവന്റസിന്റെ പ്രതീക്ഷകൾ. തുടർച്ചയായി ഒന്‍പത് സീസണുകൾ വിട്ടുകൊടുക്കാതെ സൂക്ഷിച്ച സീരി എ ട്രോഫി കഴിഞ്ഞ സീസണിൽ നഷ്ടമായി. മിലൻ ക്ലബ്ബുകൾക്കൊപ്പം അത്ലാന്റയും യുവന്റസിനു ഭീഷണിയായുണ്ട്. നാപ്പോളി, ലാസിയോ, റോമ ക്ലബ്ബുകളെയും എഴുതിത്തള്ളാനാവില്ല.