തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കേറ്റ കനത്ത തിരിച്ചടിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ അണികൾ സമൂഹ മാധ്യമങ്ങളിലുയർത്തുന്ന കടുത്ത വിമർശനങ്ങളോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. സർക്കാരിനെതിരേ പോസ്റ്റിടുന്നവർ പാർട്ടി സഖാക്കളല്ലെന്നും മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റിടുന്നവർ മാർക്സിസ്റ്റ് വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനുള്ളിൽ ആർക്കും ആരെയും ഭയമില്ലെന്നും വിമർശിക്കാൻ ഭയക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഎംഎസിനെയും വിഎസ് അച്യുതാനന്ദനെയും വരെ പാർട്ടിയിൽ വിമർശിച്ചിട്ടുണ്ട്. ഇപ്പോഴും അതുണ്ട്, വിമർശിക്കേണ്ട കാര്യങ്ങളിൽ ശക്തമായ വിമർശനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ് ആണെന്നും തൃശൂരിൽ കോൺഗ്രസ്-ബിജെപി ഡീൽ ഉണ്ടായെന്നും ജയരാജൻ പറഞ്ഞു. കെ. മുരളീധരന് ലഭിക്കേണ്ട ഒരു ലക്ഷം വോട്ട് സുരേഷ് ഗോപിക്ക് പോയി. എന്നാൽ എൽഡിഎഫിന്റെ വോട്ടിൽ കുറവ് സംഭവിച്ചിട്ടില്ല. പ്രകാശ് ജാവദേക്കറെ കണ്ടു എന്ന തെരഞ്ഞെടുപ്പ് ദിവസത്തെ തന്റെ വെളിപ്പെടുത്തൽ മുന്നണിക്ക് തിരിച്ചടിയായിട്ടില്ല. തെരഞ്ഞെടുപ്പിൽ സ്വാധീനമുണ്ടാക്കിയിട്ടില്ല.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിയുന്ന ഒരു മഹാനല്ല താൻ. ഊഹാപോഹങ്ങളിൽ വ്യക്തത വരുത്താനാണ് ശ്രമിച്ചതെന്നും ഇ.പി. ജയരാജൻ പറഞ്ഞു. രാജ്യസഭാ സീറ്റ് പ്രശ്നം ഇതുവരെ മുന്നണിയിൽ ചർച്ച ആയിട്ടില്ല. വിഷയം ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കും. എല്ലാവരും തീരുമാനം അംഗീകരിക്കുകയും ചെയ്യും.
ആർക്ക് നൽകുമെന്നതു സംബന്ധിച്ച് മൂന്നു ദിവസത്തിനകം തീരുമാനമുണ്ടാകും.ലോക്സഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ഉള്ളതാണ്. അത് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ അല്ല. ഇപ്പോൾ മത്സരിച്ചാലും ഇടതുമുന്നണിക്ക് 100 നിയമസഭ സീറ്റ് ഉറപ്പാണ്.
സ്ഥാനമാനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരല്ല കേരള കോൺഗ്രസ് എം. വലിയ അപമാനം നേരിട്ടതിനുശേഷമാണ് അവർ ഇടതുമുന്നണിയിലേക്ക് വന്നത്. അവരുടെ ഭാവി എൽഡിഎഫിൽ സുരക്ഷിതമാണ്. കേരള കോൺഗ്രസ് എമ്മിനെ മടക്കിക്കൊണ്ടു പോകണം എന്ന യുഡിഫിലെ ചർച്ച യുഡിഎഫ് ഇപ്പോൾ ദുർബലമാണെന്നതിന്റെ സൂചനയാണെന്നും ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു.