കണ്ണൂർ: റേഷൻ കടകളിൽ സാധനങ്ങളുടെ വിതരണത്തിന് ഏർപ്പെടുത്തിയ ഇ -പോസ് സംവിധാനം ജനങ്ങൾക്ക് ദുരിതമാകുന്നു.യന്ത്രത്തകരാറും വൈദ്യുതിമുടക്കവും കാരണം മിക്ക റേഷൻ കടകളിലും മണിക്കൂറുകളുടെ കാത്തിരിപ്പാണ് കാർഡുടമകൾക്ക് നേരിടേണ്ടി വരുന്നത്.
ഉപഭോക്താക്കളും റേഷൻ കടയുടമകളും തമ്മിലുള്ള തർക്കം പതിവാകുകയാണ്. പലരുടെയും വിരൽ അടയാളം യന്ത്രത്തിൽ പതിപ്പിക്കുന്പോൾ ശരിയാകാത്തതാണ് തർക്ക കാരണം.നിർമാണ തൊഴിലാളികളുടെയും മറ്റും വിരൾ അടയാളങ്ങൾ പതിയുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്.
ഒക്ടോബർ മാസം ലഭിക്കേണ്ട റേഷൻ സാധനങ്ങൾ യന്ത്രത്തകരാറു കാരണം നവംബർ മൂന്നിനാണ് കൊടുത്തു തീർത്തത്. ഇത് റേഷൻ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല റേഷൻ കടകൾ തോന്നുന്നസമയത്ത് ഉടമകൾ അടച്ചു പൂട്ടുന്നതായും പരാതിയുണ്ട്.
വൈകുന്നേരം ജോലികഴിഞ്ഞ് റേഷൻ വാങ്ങാൻ എത്തുന്നവർക്ക് റേഷൻ ലഭിക്കാത്ത അവസ്ഥയുണ്ട്. രാത്രി എട്ടു വരെ റേഷൻ കടകൾ തുറക്കണമെന്ന് നിർദേശമുണ്ടെങ്കിലും പലരും സന്ധ്യയോടെ കട പൂട്ടി സ്ഥലം വിടുകയാണ് പതിവ്.
ആധാർ നന്പർ റേഷൻ കാർഡുമായി ബന്ധിക്കാത്തവർക്ക് റേഷൻ ലഭിക്കുന്നില്ല. റേഷൻ കടകളിൽ നേരിട്ടുപോകാൻ സാധിക്കാത്ത വയോധികർക്കും രോഗബാധിതർക്കും പലപ്പോഴും റേഷൻ ലഭിക്കാത്ത സ്ഥിതിയുണ്ട്.
മറ്റുള്ളവരെ ആശ്രയിച്ച് റേഷൻ വാങ്ങുന്ന വയോജനങ്ങൾക്ക് പുതിയ സംവിധാനം ദുരിതമാണ്. കാർഡിൽ പേരുള്ളവർക്ക് മാത്രമാണ് ഇപ്പോഴത്തെ രീതിയിൽ റേഷൻ ലഭിക്കുകയുള്ളൂ. ഇ- പോസ് യന്ത്രത്തിന്റെ സംസ്ഥാനതല നെറ്റ് വർക്കും പലപ്പോഴും തകരാറിലാകുന്ന സ്ഥിതി പല കടകളിലും റേഷൻ വിതരണത്തിന് തടസം സൃഷ്ടിക്കുന്നു.