പത്തനംതിട്ട: ജില്ലയിലെ എല്ലാ റേഷൻ കടകളിലും ഇ-പോസ് സംവിധാനം ഏർപ്പെടുത്തിയതോടെ പോർട്ടബിലിറ്റി സൗകര്യം ലഭ്യമായിട്ടുള്ളതിനാൽ ഉപഭോക്താക്കൾക്ക് സംസ്ഥാനത്തെ ഏതു റേഷൻ കടയിൽ നിന്നും കാർഡുമായി ചെന്ന് സാധനങ്ങൾ വാങ്ങാൻ കഴിയുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിലെ 832 റേഷൻ കടകളിലും മേയ് മുതൽ ഇ-പോസ് സംവിധാനം ഉപയോഗിച്ചുതുടങ്ങി. റേഷൻ വാങ്ങുന്നതിനായി കാർഡുടമകൾ തന്നെ കടയിൽ ചെല്ലണമെന്നില്ല. കാർഡിലുൾപ്പെട്ട ഏതെങ്കിലും അംഗം കാർഡുമായി എത്തിയാൽ മതി.
നെറ്റ്വർക്ക് ഇല്ലെങ്കിൽ റേഷൻ ലഭിക്കില്ല എന്നത് വ്യാജപ്രചരണമാണ്. സാങ്കേതിക കാരണങ്ങളാൽ ഇ-പോസ് മെഷീനിൽ വിരലടയാളം തിരിച്ചറിയപ്പെടാതെ പോയാൽ ഇതിന് പകരമായി രജിസ്റ്റർ ചെയ്ത മൊബൈലിൽ വരുന്ന വണ്‍ടൈം പാസ് വേഡ് ഉപയോഗിച്ച് സാധനം വിതരണം ചെയ്യാം. രജിസ്റ്റർ ചെയ്ത മൊബൈൽ സാധനം വാങ്ങാൻ വരുന്ന അംഗത്തിന്റെ കൈവശമില്ലെങ്കിൽ മാനുവലായും വിതരണം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. ആദ്യത്തെ രണ്ട് മാർഗങ്ങളും ഫലപ്രദമല്ലാത്ത സാഹചര്യത്തിൽ മാത്രമേ മാനുവലായി വിതരണം ചെയ്യാൻ പാടുള്ളൂ.
അനാരോഗ്യം മൂലമോ പ്രായക്കൂടുതലോ കാരണം റേഷൻ കടയിൽ പോകാനാകാത്തവർക്ക് റേഷൻ വാങ്ങാൻ അതേ റേഷൻ കടയിലെ തന്നെ മറ്റൊരു ഗുണഭോക്താവിനെ ചുമതലപ്പെടുത്താം. ഇതിനായി ചുമതലപ്പെടുത്തുന്ന ആളിന്റെ ആധാർ കാർഡിന്റെ പകർപ്പ് സഹിതം കാർഡുടമ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർക്ക് അപേക്ഷ നൽകണം. ആധാർ ഇല്ലാത്തവർക്ക് റേഷൻ ലഭിക്കില്ല എന്നതും തെറ്റായ പ്രചരണമാണ്.
ഇ-പോസ് മെഷീന്റെ പ്രവർത്തന രീതി മൊബൈൽ ഫോണ്‍ പോലെയാണ്. സിം കാർഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന മെഷീൻ റേഞ്ച് കൂടുതലുള്ള മോബൈൽ സേവന ദാതാവിനെ കണ്ടെത്തിയാണ് പ്രവർത്തിക്കുന്നത്. മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ ആന്റിന ഉപയോഗിച്ച് ഇ-പോസ് മെഷീൻ പ്രവ ർത്തിക്കും. പൂർണമായും മാനുവലായി റേഷൻ വാങ്ങാൻ ജില്ലയിൽ അനുമതി ഉള്ളത് ഗവിയിലും കൊക്കാത്തോട്ടിലും മാത്രമാണ്. മറ്റെല്ലാ സ്ഥലങ്ങളിലും ഇ-പോസ് മെഷീൻ വഴി തന്നെ വിതരണം നടത്തണം.
മെഷീൻ ഓണ്‍ ആക്കുന്പോൾ പച്ച വെളിച്ചം തെളിയും. സ്കാനറിൽ ഉപഭോക്താവിന്റെ കൈവിരൽ വയ്ക്കുന്നതോടെ കാർഡിലെ വിവരങ്ങളും അനുവദനീയമായ റേഷൻ വിഹിതവും മെഷീനിൽ തെളിയും. ആവശ്യമായ സാധനങ്ങൾ തെരഞ്ഞെടുത്തു കഴിഞ്ഞാൽ തുക കാണിക്കുന്ന ബില്ല് മെഷീനിൽ പ്രിന്റ് ചെയ്ത് വരും. ഈ ബില്ല് ഉപഭോക്താക്കൾ നിർബന്ധമായും ചോദിച്ച് വാങ്ങണം. വാങ്ങുന്ന സാധനങ്ങളുടെ വിവരങ്ങൾ മെഷീനിലെ ലൗഡ് സ്പീക്കറിൽ അനൗണ്‍സ് ചെയ്യുന്നുണ്ട്.