തൃശൂർ: ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലും ഇനി ഇ പോസ് മെഷീനിലൂടെ പണമിടപാട് നടത്താം. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഎ ആപ്പുകൾ വഴി ഒരു രൂപ മുതലുള്ള പണമിടപാടുകൾ ഇ പോസ് മെഷീനുകളിലൂടെ സ്വീകരിക്കും. പണമിടപാടുകൾ എളുപ്പത്തിൽ നടത്താനും, ചില്ലറക്ഷാമം പരിഹരിക്കുന്നതിനും കള്ളനോട്ടുകളുടെ വ്യാപനം തടയുന്നതിനും ഇതിലൂടെ സാധിക്കും.
വില്ലേജ് ഓഫീസുകൾ ഡിജിറ്റൽ ആകുന്നതോടെ ഭൂനികുതി ഉൾപ്പെടെയുള്ള എല്ലാ പണ ക്രയവിക്രയങ്ങളും അതാതു ദിവസംതന്നെ സർക്കാരിലേക്കെത്തുമെന്ന പ്രത്യേകതയുമുണ്ട്. ജില്ലയിലെ 255 വില്ലേജുകളിലും നാളെ മുതൽ ഇ പോസ് മെഷിൻ പ്രയോഗത്തിൽ വരും. ഫെഡറൽ ബാങ്കുമായി ചേർന്നാണ് ഇ പേമെന്റ് പദ്ധതി നടപ്പിലാക്കുന്നത്. റവന്യൂ വകുപ്പ് സംഘടിപ്പിച്ച മെഷീൻ വിതരണ പരിശീലന പരിപാടി ജില്ലാ കളക്ടർ ഷാനവാസ് ഉദ്ഘാടനം ചെയ്തു.