തൊടുപുഴ: നഗരമധ്യത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തു നിന്നും ശുചിമുറി മാലിന്യം പൊട്ടിയൊഴുകിയതിനേത്തുടർന്ന് ഇവർ തങ്ങിയിരുന്ന വീട് നാട്ടുകാർ അടച്ചുപൂട്ടി. മാർക്കറ്റ് റോഡിൽ ചന്തക്കുന്ന് ഭാഗത്ത് ഇന്നലെ രാവിലെയാണ് സംഭവം.
വൃത്തിഹീനമായ സാഹചര്യത്തിൽ നാൽപ്പതോളം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് ശുചിമുറി മാലിന്യം പൊട്ടി സമീപത്തെ പുരയിടങ്ങളിലേക്ക് ഒലിച്ചിറങ്ങിയത്. സ്ഥലത്ത് കടുത്ത ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. വിവരമറിഞ്ഞ് മുനിസിപ്പൽ കൗണ്‍സിലർ ബിൻസി അലി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് എന്നിവർ സ്ഥലത്തെത്തി.
തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിൽ വിവരം അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷാദ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വീട് താഴിട്ടു പൂട്ടി. കെട്ടിട ഉടമയ്ക്ക് ഇന്ന് നോട്ടീസ് നൽകുമെന്ന് കൗണ്‍സിലർ പറഞ്ഞു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഇവിടെ താറാവ് വളർത്തുന്നതുമായി ബന്ധപ്പെട്ട് മുന്‍പൊരിക്കൽ നഗരസഭ നോട്ടീസ് നൽകിയിരുന്നു. എലി മണ്ണ് തുരന്നതുമൂലമുണ്ടായ പ്രശ്നമാണെന്നും എത്രയും വേഗം പരിഹരിക്കുമെന്നും കെട്ടിട ഉടമ പറഞ്ഞു.